മലയാളത്തിലെ മഹാനടൻമാർ  തെലുങ്ക് നടൻ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകിയ തെലുങ്ക് നടൻ പ്രഭാസിനെ പ്രശംസിച്ച് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ.   ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും കോടി വാങ്ങുന്ന മലയാളത്തിലെ മഹാനടൻമാർ പ്രഭാസിനെ മാതൃകയാക്കണമെന്ന്    കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരത്ത് പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്‌കരിച്ച കെയർകേരള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ  ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ആയിരത്തി അഞ്ഞൂറ് വീടുകൾ നിർമ്മിച്ചുനൽകാനും ഇതിനായി 75 കോടി രൂപ സംഘങ്ങളിൽ നിന്ന് സമാഹരിക്കാനുമാണ് സഹകരണവകുപ്പ് തീരുമാനം.