രാഹുൽ വഴി മാറിയിട്ടും മറിയാമ്മയെ മരണം തട്ടിയെടുത്തു

ആലപ്പുഴ : പാണ്ഡവൻപാറ മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന ഹൃദ്രോഗിയായ മറിയാമ്മയെ വഹിച്ചുകൊണ്ടുള്ള എയർ ആബുലൻസ് യാത്ര ചെയ്യുന്നതിനായി രാഹുൽ ഗാന്ധി ഹെലിപ്പാഡിൽ അരമണിക്കൂർ കാത്തുനിന്നത് വാർത്ത ആയിരുന്നു. എന്നാൽ അടിയന്തിര ചികിത്സക്കായി രാഹുൽ വഴിമാറിയെങ്കിലും മരണം മറിയാമ്മയെ തട്ടിയെടുത്തു. പാണ്ഡവൻപാറ മൂലയുഴത്തിൽ കെ.സി ചാക്കോയുടെ ഭാര്യയാണ് മറിയാമ്മ (67).

ദുരിതാശ്വാസ ക്യാമ്പിൽ കഴിയവെ ചൊവ്വാഴ്ച രാവിലെ 10നാണ് മറിയാമ്മക്ക് ഹൃദയാഘാതമുണ്ടായത്. ഉടൻതന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിൽയ്ക്കായി വണ്ടാനത്തേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. മറിയാമ്മയെ കൊണ്ടുപോകുവാനായി എയർ ആംബുലൻസ് ചെങ്ങന്നൂരിലെത്തിയപ്പോൾ പ്രത്യേക സുരക്ഷയുളള രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററും ക്രിസ്ത്യൻ കോളേജ് മൈതാനിയിൽ ഉണ്ടായിരുന്നു. രണ്ടു കോപ്റ്ററിനും ആലപ്പുഴയിൽ റിക്രിയേഷൻ ഗ്രൗണ്ടിലാണ് ഇറങ്ങേണ്ടിയിരുന്നത്. നേതാക്കളിൽ നിന്ന് വിവരം മനസിലാക്കിയ രാഹുൽ ആദ്യം എയർ ആംബുലൻസ് പോകട്ടെ എന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതിനായി അരമണിക്കൂറോളം താൽകാലിക ഹെലിപ്പാടായ കോളേജ് ഗ്രൗണ്ടിൽ രാഹുൽ ഗാന്ധി കാത്തു നിന്നു.വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11.30നാണ് മറിയാമ്മയുടെ മരണം സംഭവിച്ചത്.