15 ലക്ഷത്തിന്റെ നഷ്ടപരിഹാരത്തിന് ആറുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഇൻഷ്വറൻസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തൃശൂർ: പ്രളയത്തിന് ശേഷം ഇൻഷ്വറൻസ് അപേക്ഷയുമായി എത്തിയാളുടെ പക്കൽനിന്നും ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടു. യൂണിവേഴ്‌സൽ സാംബോ ഇ്ൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥനായ ഉമാ മഹേശ്വര റാവുവാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പ്രളയത്തിൽഎല്ലാ നഷ്ടപ്പെട്ടവർക്ക് സമാശ്വാസം നൽകുന്നതിന് നടപടികൾ ലഘൂകരിക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തി കൊണ്ടുള്ള അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്.

ആന്ധ്ര സ്വദേശിയായ ഉമാ മഹേശ്വര റാവു കൊടുങ്ങലൂരിലെ ടയർ അലൈൻമെന്റ് കട നടത്തുന്ന ഷിഹാബിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 15 ലക്ഷത്തിന്റെ നഷ്ടപരിഹാരത്തിന് ഉദ്യോഗസ്ഥൻ ആറുലക്ഷമാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പ്രളയത്തിൽ ഷിഹാബിന്റെ കടയ്ക്ക് വലിയ നാശനഷ്ടങ്ങൾപറ്റി ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു. 60 ലക്ഷം രൂപയ്ക്കാണ് ഷിഹാബ് കട ഇൻഷ്വർ ചെയ്തിരുന്നത് എന്നാൽ 15 ലക്ഷം മാത്രമേ നൽകാനാവുവെന്നും 60 ലക്ഷം രൂപ ലഭിക്കില്ല എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

15 ലക്ഷം നൽകണമെങ്കിൽ 40 ശതമാനം കൈക്കൂലിയായി നൽകണമെന്നാണ് ഉമാ മഹേശ്വര റാവു പറഞ്ഞത്. ആദ്യ ഘട്ട കൂടികാഴ്ചയ്ക്ക് ശേഷം വീണ്ടും കാണാനായി തിങ്കളാഴ്ച്ച തൃശ്ശൂർ എം.ജി റോഡിനടുത്തുള്ള ഹോട്ടൽ മുറിയിലേക്ക് ഷിഹാബിനെ ഉദ്യോഗസ്ഥൻ വിളിപ്പിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് കൈക്കൂലി ആവശ്യപ്പെടുന്ന ദ്യശ്യങ്ങൾ എടുത്തത്. ഏറെ നേരത്തെ സംസാരത്തിനു ശേഷം 40 ശതമാനം കൈക്കൂലി എന്നുള്ളത് 30 ശതമാനമാക്കാം എന്ന് ഉമാ മഹേശ്വര റാവു പറഞ്ഞു. എന്നാൽ സംസാരത്തിനു ശേഷം ഇവർ കൈക്കൂലി കൊടുക്കാതെ എറണാകുളം സെന്റട്രൽ പോലീസിനെ സമീപിക്കുകയും വീഡിയോ കൈമാറുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.