പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘവും ലോകബാങ്ക് പ്രതിനിധികളും ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേരളത്തിലെത്തും.  കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യും. ലോകബാങ്ക് പ്രതിനിധിസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്.

അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു, പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാര്‍, നബാര്‍ഡ് പ്രതിനിധികള്‍, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ എന്നിവരാണ് കേന്ദ്രമന്ത്രിക്കൊപ്പം എത്തുന്നത്. ബാങ്കുകളുടെയും ഇന്‍ഷൂറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനവും സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സംഘം പരിശോധിക്കും. കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം ധനമന്ത്രി തോമസ് ഐസക് കേന്ദ്രമന്ത്രിക്ക് മുന്നില്‍ ഉന്നയിക്കും.

സെക്രട്ടേറിയറ്റില്‍ രാവിലെ 9.30 മുതല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ലോകബാങ്ക് പ്രതിനിധികളുമായുളള ചര്‍ച്ച. പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിന് 30,000കോടിയോളം രൂപ സമാഹരിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ലോകബാങ്കില്‍ നിന്ന് പ്രത്യേക പാക്കേജായി കുറഞ്ഞ പലിശക്ക് ദീര്‍ഘകാല വായ്പ ലഭ്യമാക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. പ്രതിനിധി സംഘത്തിന്റെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.