പറക്കാനൊരുങ്ങി നെടുമ്പാശേരി; സർവ്വീസുകൾ നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ

കൊച്ചി: പ്രളയത്തെ തുടര്‍ന്ന്  അടച്ചിട്ടിരിക്കുന്ന കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ദേശീയ, അന്തർദേശീയ സർവ്വീസുകൾ നടത്തുമെന്ന് സിയാൽ അറിയിച്ചു.

ഇപ്പോഴത്തെ വിമാനസർവ്വീസ് സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. കൊച്ചി നാവികസേന എയർ സ്റ്റേഷനായ ഐഎൻഎസ് ഗരുഡിലെ താത്കാലികമായി പ്രവർത്തിച്ചുവന്നിരുന്ന സംവിധാനം അവസാനിപ്പിക്കും.

സംസ്ഥാനം നേരിട്ട കനത്ത പ്രളയ ദുരന്തത്തിൽ വിമാനത്താവളം വെളളത്തിനടിയിലായിരുന്നു.  എയര്‍ലൈനുകളുടെയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടെയും ഇടയില്‍ 90 പേരും പ്രളയദുരിതത്തില്‍ അകപ്പെട്ടു. കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് പല വിമാനങ്ങളും കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായാണ് ക്രമീകരിച്ചത്. കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിലേക്കും പല സര്‍വീസുകളും മാറ്റിയിരുന്നു.