അറുപതിനായിരത്തിലധികം ആളുകൾ പങ്കാളികളാകുന്ന കുട്ടനാട് ശുചീകരണ യജ്ഞത്തിന് തുടക്കമായി

ആലപ്പുഴ: രണ്ട് ദിവസം കൊണ്ട് അന്‍പതിനായിരം വീടുകളും സ്ഥാപനങ്ങളും ശുചിയാക്കുക എന്ന ലക്ഷ്യംത്തോടെ നടപ്പാക്കുന്ന  കുട്ടനാട് ശുചീകരണ യജ്ഞം  ആരംഭിച്ചു. കുട്ടനാട്ടിലെ തന്നെ താമസക്കാരായ അമ്പതിനായിരം പേരും പതിനായിരം സന്നദ്ധ പ്രവര്‍ത്തകരുമാണ് കുട്ടനാടിനെ ശുചിയാക്കാൻ തയ്യാറായിട്ടുള്ളത്. വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കല്‍ രണ്ട് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

കൈനകരി, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, നെടുമുടി എന്നീ പഞ്ചായത്തുകളിലേക്കുള്ള ആളുകളെ ബോട്ടു മാർഗ്ഗം എത്തിക്കും. നീലംപേരൂർ, രാമങ്കരി, മുട്ടാർ, തകഴി, ചെറുതന, കരുവാറ്റ, പള്ളിപ്പാട്, വെളിയനാട്, തലവടി, വീയ്യപുരം, എടത്വാ, പഞ്ചായത്തുകളിലേക്കുള്ളവരെ റോഡ് മാര്‍ഗം അതാത് സ്ഥലങ്ങളിലെത്തിക്കും.

ഇലക്ട്രീഷ്യന്മാര്‍‍, പ്ലംബര്‍മാര്‍‍‍, ആശാരിമാര്‍ എന്നിങ്ങനെ വിവിധ സംഘങ്ങളായി കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലേക്ക് പോകും. ഉൾഭാഗങ്ങളിൽ ആവശ്യമെങ്കിൽ ബോട്ടുകളും ഏർപ്പെടുത്തും. 22 ടോറസ് ലോറികൾ, 38 ബസുകൾ, 500 ഹൗസ് ബോട്ടുകൾ, 50 മോട്ടോർ ബോട്ടുകൾ, 20 ശിക്കാര വള്ളങ്ങൾ, 20 കെട്ടുവള്ളങ്ങൾ, 10 സ്പീഡ് ബോട്ടുകൾ, 4 ജങ്കാറുകൾ എന്നിവയാണ് ഇതിനായി ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്.

എസി റോഡിലെയും കൈനകരി, ചമ്പക്കുളം, കാവാലം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലെയും വെള്ളം വറ്റിക്കാന്‍ കഴിയാത്തത് ശുചീകരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലുള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. ശുചീകരണം പൂര്‍ത്തിയാക്കിയ വീടുകളിലേക്ക് 30ന് ആളുകളെ തിരിച്ചയയ്ക്കും.