ഇക്കോണമി ക്ലാസ്സിൽ ഇനി രാജകീയമായി പറക്കാം

ജിദ്ദ: സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് രാജകീയ പരിചരണം നൽകുന്ന ബ്രിസ്‌റ്റോ ഡൈനിംഗ് സർവീസ്  ആരംഭിച്ചു. വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ പല ഘട്ടങ്ങളിലായി യാത്രക്കാർക്ക് വിതരണം ചെയ്യുന്ന സേവനമാണ് ബ്രിസ്‌റ്റോ ഡൈനിംഗ് സർവീസ്. വ്യത്യസ്തമായ ലഘു ഭക്ഷണങ്ങളും പ്രധാന ഭക്ഷണങ്ങളും തെരഞ്ഞെടുക്കുന്നതിന് ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് അവസരം നൽകുന്ന പുതിയ സേവനം അനുസരിച്ച് മിഠായികളും ഈത്തപ്പഴവും പരമ്പരാഗത അറബി കാപ്പിയും ഐസ്‌ക്രീമും ശീതള പാനീയങ്ങളും ചൂടു പാനീയങ്ങളും വിതരണം ചെയ്യും.

തുടക്കത്തിൽ ജിദ്ദയിൽ നിന്നുള്ള ലണ്ടൻ, മാഞ്ചസ്റ്റർ, പാരീസ് സർവീസുകളിലെ യാത്രക്കാർക്കാണ് ഈ സേവനം ലഭിക്കുക. വൈകാതെ കൂടുതൽ സർവീസുകളിലേക്ക് സേവനം വ്യാപിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഏപ്രിലിൽ ഒരു സെക്ടറിലാണ് ബ്രിസ്‌റ്റോ ഡൈനിംഗ് സേവനം സൗദിയ ആരംഭിച്ചത്. പിന്നീട് ജിദ്ദയിൽ നിന്നുള്ള പാരീസ്, ലണ്ടൻ, മാഞ്ചസ്റ്റർ സർവീസുകളിൽ പുതിയ സേവനം ഔദ്യോഗികമായി ആരംഭിക്കുകയായിരുന്നു. സൗദിയയുടെ ദേശീയ പരിവർത്തന പദ്ധതിയായ എസ്.വി2020 ന്റെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് സൗദിയ വക്താവ് ഫഹദ് ബാ ഹദീല പറഞ്ഞു.

ആദ്യമായാണ് ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ഇത്രയും വൈവിധ്യമാർന്ന ഭക്ഷണം സൗദിയ വാഗ്ദാനം ചെയ്യുന്നത്. സ്വാദിഷ്ടമായ ഭക്ഷണങ്ങൾ യാത്രക്കാർക്ക് നൽകുന്നതിന് സൗദിയിൽ നിന്നും ബ്രിട്ടനിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള പാചകക്കാരും സൗദിയയും സഹകരിച്ച് ലോകത്തെമ്പാടുമുള്ള ഹോട്ടലുകൾക്ക് പുതിയ ഭക്ഷണങ്ങൾ അടങ്ങിയ പട്ടിക വിതരണം ചെയ്തിട്ടുണ്ട്.