കേരളത്തിന് ഓണാശംസകളുമായി പ്രമുഖര്‍

ദില്ലി: തിരുവോണ ദിനം കേരളത്തിന് ഓണാശംസകളുമായി രാഷ്ട്രീയ,കായിക, സാമൂഹിക പ്രമുഖര്‍. കേരളം നേരിടേണ്ടി വന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഓണം നല്‍കട്ടേയെന്നാണ് പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ആശംസ. കേരളത്തിനൊപ്പം രാജ്യം മുഴുവനുമുണ്ടെന്നും എല്ലാ പ്രാര്‍ഥനകളും ജനങ്ങളുടെ സന്തോഷത്തിനും സമൃദിക്കും വേണ്ടിയാണെന്നും മോദി ട്വീറ്റ് ചെയ്തു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചത് പ്രളയ ദുരന്തത്തില്‍ നിന്ന് എത്രയും വേഗം മലയാളികള്‍ കരകയറട്ടെയെന്നാണ്. ഈ ഓണം പുതിയ തുടക്കം കുറിക്കുകയും മനക്കരുത്ത് കൊണ്ട് മലയാളികള്‍ പുതുജീവിതം കെട്ടിപ്പെടുക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. മോദി സര്‍ക്കാരും ബിജെപിയും ജനങ്ങളുടെ സാധാരണമായ ജീവിതം എത്രയും വേഗം ലഭ്യമാക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തു.

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് അതിജീവിക്കാന്‍ കേരള ജനതക്ക് കഴിയട്ടെയെന്നാണ് രാഷ്ട്രീയ,കായിക, സാമൂഹിക തലങ്ങലില്‍ നിന്നിള്ളവരുടെ ആശംസകള്‍. മമത ബാനര്‍ജി, ശരത് യാദവ് രാജ്ദീപ് സര്‍ദേശായി, ഹേമമാലിനി, തുടങ്ങി നിരവധി പേര്‍ കേരളത്തിന് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചത്.