അതിജീവനത്തിന്റെ പാതയിൽ മലയാളികൾക്കിന്ന് പൊന്നോണം

മഹാ പ്രളയത്തിൽ പ്രതീക്ഷകളും സ്വപ്‌നങ്ങളും വീണുടഞ്ഞ മലയാളകരക്ക് ഇന്ന് പൊന്നോണം. പതിവ് ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതയാണ്  ഓണം ആഘോഷിക്കുന്നത്. പ്രളയം എല്ലാം കവർന്നെടുത്തപ്പോഴും തളരാത്ത മനസുമായി അതിജീവനത്തിന്റെ പാതയിലാണ് കേരളം. അതുകൊണ്ടുതന്നെ ഈ വർഷത്തെ ഓണം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.

തലേന്ന് കാണാറുള്ള ഉത്രാടപാച്ചിൽ എങ്ങും കാണാനായില്ല. വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് നന്നേ കുറവായിരുന്നു. വസ്ത്ര വിപണിയിലും സ്ഥിതി മറിച്ചായിരുന്നില്ല. ഈ നൂറ്റാണ്ടിൽ ഇത് ആദ്യമായിട്ടാകാം ഇത്തരത്തിൽ ഒരു ഓണം മലയാളി ആഘോഷിക്കുന്നത്.

ലക്ഷകണക്കിന് ജനങ്ങൾ ഇന്ന് ഓണസദ്യ കഴിക്കുന്നത് ദുരിതാശ്വാസ ക്യാമ്പുകളിലാകും. സ്വന്തം വീടിനുമുന്നിൽ പൂക്കളം തീർക്കാനാകാത്ത കുട്ടികൾ ക്യാമ്പുകളിൽ പൂക്കളമൊരുക്കും. കള്ളകർക്കിടകം എല്ലാം കവർന്നെടുത്തുവെങ്കിലും പൊന്നിൻ ചിങ്ങത്തിലെ തിരുവോണം ഏറെ പ്രതീക്ഷകൾ നൽകുന്നു. നഷ്ടപെട്ടതെല്ലാം ഒരുമനസോടെ നമ്മൾ തിരികെപിടിക്കും എന്ന പ്രതീക്ഷ.

കണ്ണീർ തിളക്കമുള്ള ഈ പൊന്നോണനാളിൽ നമുക്ക് ഒരുമിച്ച് പ്രതീക്ഷയുടെ പൂക്കളം തീർക്കാം. നവകേരളം കെട്ടിപെടുക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറാം. ദി. എൻ.ആർ.ഐ ന്യൂസിന്റ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ