പ്രളയക്കെടുതി; യുഎഇയുടെ 700 കോടി എംഎ യൂസഫലി നൽകുമെന്നത് വ്യാജവാർത്ത

തിരുവനന്തപുരം: മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും ഇതിൽ യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന വിശദീകരണവുമായി ലുലു ഗ്രൂപ്പ് രംഗത്തെത്തി. കേരളത്തിന് പ്രളയക്കെടുതി നേരിടാൻ യുഎഇ 700 കോടി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കേരളത്തിന്റെ പ്രളയക്കെടുതി നേരിടാൻ വിദേശ സാമ്പത്തിക സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെയാണ് ഈ തുക ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നൽകുമെന്ന് വ്യാജ വാർത്തകൾ പ്രചരിച്ചത്. ഇതുപോലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്റ് അറിയിച്ചു.