ഇന്ത്യയിൽ 2020ൽ 5 ജി എത്തും

2020 ഓടെ ഇന്ത്യയിൽ 5 ജി നടപ്പിൽ വരുമെന്ന് കേന്ദ്ര ഐടി സെക്രട്ടറി അരുണ സുന്ദരരാജൻ അറിയിച്ചു. സ്റ്റാർഫോർഡ് സർവകലാശാല പ്രൊഫസർ ഡോക്ടർ എ പോൾ രാജ് അധ്യക്ഷനായ സമിതിയാണ് 5 ജി നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. 5 ജി സ്പെക്ട്രം സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യവും ഒരുക്കുന്നതിനായി അഞ്ചു വർഷം കാലാവധിയുള്ള ഒരു സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അഞ്ചാം തലമുറ ടെലികോം സേവനങ്ങൾക്കായി അധിക സ്പെക്ട്രം ലഭ്യമാക്കണമെന്നും സമിതി സർക്കാരിനോട് ശുപാർശ ചെയ്തു.

അമേരിക്ക, ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലൊക്കെ 5 ജി സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ഇന്ത്യയിലും ഇത്തരത്തിൽ ഗവേഷണങ്ങൾ നടന്നുവരികയാണ്. രാജ്യത്ത് 4 ജി സേവനം വളരെ വേഗത്തിൽ പടർന്നുപിടിച്ചതുപോലെ 5 ജിയും വിപണി പിടിക്കുമെന്നാണ് കരുതുന്നത്. 5 ജി നടപ്പിലാക്കുന്നതിൻറെ പുരോഗതി വിലയിരുത്താൻ ടെലികോം മന്ത്രാലയത്തിൽ പ്രത്യേക സംവിധാനവും തുടങ്ങിയതായി അരുണ സുന്ദരരാജൻ പറഞ്ഞു