ജടായു പാറ സഞ്ചാരികൾക്കായി തുറന്നു

ചടയമംഗലം: ജടായു എർത്ത് സെന്ററിലേക്ക് ഇന്ന് മുതൽ പ്രവേശനം ആരംഭിച്ചു. ഈ മാസം 17 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പവും, സ്വിസ് നിർമ്മിത കേബിൾ കാർ സംവിധാനവുമാണ് ഉദ്ഘാടനം കൂടാതെ ജനങ്ങൾക്ക് ഉത്രാട ദിനത്തിൽ സമർപ്പിക്കുന്നത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന പരിപാടി ഉപേക്ഷിച്ചത്.

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് എർത്ത് സെൻററിലേക്ക് എത്താനാകുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് 400 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. ഓൺലൈൻ ബുക്കിംഗിന് നല്ല പ്രതികരണം ലഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഈ വെബ്‌സൈറ്റ് വഴി – www.jatayuearthscenter.com