ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിൽ വീണ്ടും വെള്ളി

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം. പുരുഷന്മാരുടെ ഡബിൾ ട്രാപ്പ് ഷൂട്ടിങ്ങിൽ ഷാർദുൽ വിഹാൻ വെള്ളി മെഡൽ കരസ്ഥമാക്കി. ഇന്ത്യയുടെ നാലാമത്തെ വെള്ളിമെഡലാണിത്. യോഗ്യതാ റൗണ്ടിൽ ഒന്നാമതായാണ് ഷാർദുൽ ഫിനിഷ് ചെയ്തത്.

നാലു സ്വർണവും നാലു വെള്ളിയും ഒൻപത് വെങ്കലവുമടക്കം ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 17 ആയി. ജക്കാർത്തയിൽ ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ മെഡലാണിത്. നേരത്തെ ടെന്നിസ് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ അങ്കിത റെയ്ന വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. ഏഷ്യൻ ഗെയിംസിൽ സിംഗിൾസ് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കാനും അങ്കിതയ്ക്കായി.