പ്രളയക്കെടുതി; വിദേശസഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് വിദേശകാര്യ വിദഗ്ധർ

ഡൽഹി: കേരളത്തിന്റെ പ്രളയക്കെടുതി നേരിടാൻ വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രമുഖ വിദേശകാര്യ വിദഗ്ധർ വിദേശ സഹായം നിരസിക്കാൻ കേന്ദ്ര നയം തടസമാണെന്ന വാദം നിഷേധിക്കുന്നു. പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കർ മേനോൻ പറയുന്നു. ദുരന്ത നിവാരണത്തിന് സഹായം സ്വീകരിക്കുന്നതിലാണ് നയം തടസ്സമാകുന്നത്.

വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തിൽ വകതിരിവുണ്ടാകണം എന്നാണ് മുൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന നിരുപമ റാവുവിൻറെ പ്രതികരണം. വിദേശത്തുനിന്ന് സഹായം സ്വീകരിക്കുകയല്ല, വിദേശരാജ്യങ്ങൾക്ക് സഹായം നൽകുകയാണ് നമ്മൾ ചെയ്യാറുള്ളത് എന്നത് ശരിതന്നെ. പക്ഷേ ഗൾഫ് രാജ്യങ്ങളിലുള്ള എൺപത് ശതമാനം ഇന്ത്യാക്കാരും മലയാളികളാണ്. സാഹചര്യം പരിഗണിക്കണം. വേണ്ട എന്നു പറയാൻ എളുപ്പമാണ്, പക്ഷേ കേരളം പ്രതിസന്ധിയിലാണ്. അത് ചെറിയ കാര്യമല്ലെന്നും നിരുപമ റാവു കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരുവും യുഎഇയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതികരിച്ചു. ഗൾഫ് രാജ്യങ്ങളുമായുള്ള മലയാളികളുടെ ബന്ധം പരിഗണിക്കണം.