‘പ്രളയം സർക്കാർ സൃഷ്ടി’ സർക്കാരിനെതിരെ വീണ്ടും ചെന്നിത്തല

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിലെ വീഴ്ചകളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . വീഴ്ച മറച്ചുവെക്കാൻ ഫെയ്സ്ബുക്ക് പോസ്റ്റ് ആയുധമാക്കി. ഡാം ക്രമമായി തുറന്നാൽ ദുരന്തം ഉണ്ടാകില്ല എന്നാണ് താൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. പ്രളയം സർക്കാർ സൃഷ്ടിയെന്ന് അദ്ദേഹം ആവർത്തിച്ചു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷ ധർമ്മമാണ്. വിമർശനത്തിന് വേണ്ടിയല്ല താൻ വിമർശിച്ചതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡാമുകൾ തുറന്നപ്പോൾ കൃത്യമായ മുന്നറിയിപ്പ് നൽകിയില്ല. ചെറുതോണിയിൽ മാത്രമാണ് മുന്നറിയിപ്പ് നൽകിയത്. അർധരാത്രിയിൽ തലയ്ക്ക് മീതെ വെള്ളം വന്നെന്ന് പറഞ്ഞത് രാജു എബ്രഹാമാണ്. ജനങ്ങൾ ഉടുതുണിക്ക് മറുതുണിയില്ലാതെ രക്ഷപ്പെട്ട് ഓടുകയായിരുന്നു. രാത്രി ഒരു മണിക്കാണ് റാന്നിയിൽ മുന്നറിയിപ്പ് നൽകിയത്. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിലും സർക്കാരിന് വീഴ്ച പറ്റി. ആളുകളെ ഒഴിപ്പിക്കാതെ അണക്കെട്ടുകൾ തുറന്നു വിട്ടു. കേന്ദ്ര ജല കമ്മീഷന്റെ നിർദേശങ്ങളും മുഖവിലയ്ക്കെടുത്തില്ലന്നും ചെന്നിത്തല പറഞ്ഞു