കുവൈറ്റിൽ വിദേശികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കണമെങ്കിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് നിർബന്ധം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കണമെങ്കിൽ ഇനി മുതൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. 65 വയസ്സ് കഴിഞ്ഞ വിദേശികൾക്കു പുതുതായി വിസ അനുവദിക്കുന്നതിനും നിലവിൽ കുവൈറ്റിൽ ഉള്ളവർക്ക് ഇഖാമ പുതുക്കുന്നതിനും മാറ്റുന്നതിനും ഡിപ്ലോമ നിർബന്ധമാക്കണമെന്ന നിർദേശം സാമൂഹികതൊഴിൽ മന്ത്രാലയം പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. ചില സാങ്കേതിക തസ്തികകളിൽ ആവശ്യമായ അതിവൈദഗ്ധ്യം ഉള്ളവരുടെ കാര്യത്തിൽ ഈ നിബന്ധന ബാധകമാക്കില്ല.

ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതു സംബന്ധിച്ച തീരുമാനം പെരുന്നാൾ അവധിക്കുശേഷം പ്രഖ്യാപിക്കുമെന്നു സാമൂഹികതൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. തൊഴിലിടങ്ങളിൽ അതിവിദഗ്ധരുടെ എണ്ണം കുറയ്ക്കുന്നതിനും തൊഴിലാളികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളാണു പ്രഖ്യാപിക്കുക. കുടുംബ വിസ സംബന്ധിച്ചു പുതിയ നിർദേശങ്ങളും പ്രഖ്യാപനത്തിൽ ഉണ്ടാകും. വർഷങ്ങൾക്കു മുൻപ് തുടങ്ങിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളിൽ എത്തിയിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും മനുഷ്യാവകാശം, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ രാജ്യാന്തര കരാറുകൾ പാലിച്ചുകൊണ്ടുള്ളതുമാകും തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.