പൊലീസിന് റവന്യു വകുപ്പിന്റെ ആദരം

പെരുമ്പാവൂർ: പ്രളയക്കെടുതിയിൽ ഒഴുകിപ്പോയി മരണത്തെ മുഖാമുഖം കണ്ട രക്ഷാപ്രവർത്തകരുടെ ജീവൻ രക്ഷിച്ച പൊലീസിന് റവന്യു വകുപ്പിന്റെ ആദരം. ഒക്കൽ ചേലാമറ്റത്ത് രക്ഷാപ്രവർത്തനം കഴിഞ്ഞു മടങ്ങുകയായിരുന്ന നാവിക സേനാംഗങ്ങളും റവന്യു ഉദ്യോഗസ്ഥരും അടങ്ങിയ 11 അംഗ സംഘം വല്ലം പാലത്തിലാണ് അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് 16ന് രാത്രി എട്ടിനായിരുന്നു സംഭവം. പാലത്തിൽ വെളളം കുത്തിയൊലിച്ചൊഴുകുകയായിരുന്നു. നാവിക സേനയുടെ ഡിങ്കി ബോട്ടിൽ തുഴഞ്ഞാണു സംഘം മറുകരയെത്താൻ ശ്രമിച്ചത്. എന്നാൽ കുത്തൊഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം വിട്ടു തോട്ടിലേക്ക് പതിച്ചു. തോട്ടിൻകരയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യബോർഡാണു രക്ഷയായത്. നാവിക സേനാംഗങ്ങൾ കത്തിയെടുത്ത് പരസ്യ ബോർഡിലെ ഫ്ലക്സ് കീറി നീക്കി ഇരുമ്പു പട്ടയിലേക്ക് ബോട്ട് പിടിച്ചു കെട്ടി.
ബോട്ടിലുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥൻ പെരുമ്പാവൂർ ഡിവൈഎസ്പി ജി. വേണുവിനെ അപകട വിവരമറിയിച്ചു. അദ്ദേഹവും സിഐ ബൈജു പൗലോസും മണ്ണുമാന്തി യന്ത്രവുമായി ഉടൻ സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ മുന്നിലെ ബക്കറ്റിൽ കയറി നിന്ന് സിഐ വടം താഴേക്ക് എറിഞ്ഞു കൊടുത്തു. നാവികസേനാംഗങ്ങൾ ബോട്ടും കയറും ബന്ധിച്ചു. 11 പേരും കൈകൾ പരസ്പരം കോർത്ത് ഡിങ്കിയിൽ പിടിച്ചു കിടന്നു. മണ്ണു മാന്തി യന്ത്രം ഡിങ്കിയുൾപ്പെടെ പൊക്കി റോഡിലൂടെ അര കിലോമീറ്ററോളം വലിച്ചാണ് കരയിലെത്തിച്ചത്. ഒരു മണിക്കൂറോളം ഇവർ കുത്തൊഴുക്കിൽ ജീവൻ കയ്യിൽ പിടിച്ചു കിടക്കേണ്ടി വന്നു. ഏഴ് നാവിക സേനാംഗങ്ങളും ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ മൂന്നു റവന്യു ജീവനക്കാരും ഒരു പൊലീസുകാരനുമാണു സംഘത്തിലുണ്ടായിരുന്നത്.
കുന്നത്തുനാട് താലൂക്ക് ഓഫിസിലെ മുഴുവൻ ജീവനക്കാരും തഹസിൽദാർ സാബു കെ. ഐസകിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫിസിലെത്തിയാണു 11 പേരുടെ ജീവൻ രക്ഷിച്ചതിനു കടപ്പാടും സ്നേഹവും അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്കു റവന്യു വകുപ്പിന്റെ ഉപഹാരം നൽകി. മധുരപലഹാര വിതരണവും നടത്തി.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു