ഈ ജയം കേരളത്തിലെ ജനങ്ങൾക്ക്; കോലി

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ പരമ്പരയിൽ ശക്തമായ തിരിച്ച് വരവ് നടത്തി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ കോലി ഇന്ത്യയുടെ ജയം കേരളത്തിലെ ജനങ്ങൾക്ക് സമർപ്പിച്ചു. മഹാപ്രളയത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന കേരള ജനതക്കായി തങ്ങളാൽ കഴിയുന്നത് ചെയ്യുമെന്നും കോലി പറഞ്ഞു.

ബൗളർമാർക്ക് 20 വിക്കറ്റുകൾ എടുക്കാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു. ബൗളർമാർക്ക് കളി ജയിപ്പിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു ബാറ്റിംഗ് നിരക്ക് ചെയ്യാനുണ്ടായിരുന്നത്. 2014ലെ ബാറ്റിംഗ് പരാജയത്തെക്കുറിച്ച് ഞാൻ അധികം ആലോചിക്കാറില്ല. 2-0ന് പിന്നിലായിരുന്നെങ്കിലും പരമ്പരയിൽ ശക്തമായി തിരിച്ചുവരാനാവുമെന്ന വിശ്വാസം തങ്ങൾക്കുണ്ടായിരുന്നുവെന്നും കോലി പറഞ്ഞു. തിരിച്ചുവരാമെന്ന ആത്മവിശ്വാസമില്ലായിരുന്നെങ്കിൽ ഇപ്പോൾ പരമ്പര 2-1 ൽ എത്തിക്കാനാവുമായിരുന്നില്ല. ഈ മത്സരത്തിനിറങ്ങുമ്പോൾ മികച്ച സ്‌കോർ കുറിക്കുക എന്നത് പ്രധാനമായിരുന്നു. അജിങ്ക്യാ രഹാനെക്കൊപ്പം ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണായകമായത്. ആദ്യ ഇന്നിംഗ്‌സിൽ രഹാനെയും രണ്ടാം ഇന്നിംഗ്‌സിൽ പൂജാരയും പുറത്തെടുത്ത പ്രകടനം മത്സരത്തിൽ നിർണായകമായി.