ഡാമുകൾ തുറക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ല; കെ എസ് ഇ ബി ചെയർമാൻ

തിരുവനന്തപുരം: ഡാമുകൾ തുറന്നു വിട്ടതിൽ യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് കെ എസ് ഇ ബി ചെയർമാൻ പറഞ്ഞു. നൂറു ശതമാനം മുന്നൊരുക്കങ്ങളോടെയാണ് ഡാമുകൾ തുറന്നത്. കണക്കുകൾ പുറത്ത് വരുമ്പോൾ ഇക്കാര്യം വ്യക്തമാകും. ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ കെ എസ് ഇ ബിയുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമിതമഴയാണ് പ്രളയത്തിന് കാരണം. ഡാമുകളാണ് വെളളത്തെ തടഞ്ഞത്. ഇടുക്കി ഇടമലയാർ ഡാമുകൾ തുറക്കുന്നതിനു മുമ്പായി എഞ്ചിനീയർമാരുമായി കൂടിയാലോചിച്ച് വ്യക്തമായ ധാരണയിലെത്തിയിരുന്നു. അലർട്ട് ലെവലുകൾ തയ്യാറാക്കി അതാതു സമയങ്ങളിൽ ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണസേനയെയും അറിയിച്ചിരുന്നു. അങ്ങനെയാണ് ഈ രണ്ടു ഡാമുകളും തുറന്നു വിട്ടതിനു പിന്നാലെ ഉണ്ടാകാനിടയുണ്ടായിരുന്ന ഇതിലും വലിയൊരു ദുരന്തമൊഴിവാക്കിയത്.

ബാണാസുര സാഗർ ഡാമിനെക്കുറിച്ചുയർന്ന പരാമർശങ്ങളും സത്യത്തിനു നിരക്കാത്തതാണ്. ജൂലൈ 15നു ഇടുക്കി ഡാം ലെവൽ തീരുമാനിക്കുന്നതിനു മുമ്പു തന്നെ ബാണാസുര സാഗർ ഡാമിന്റ റിസർവോയർ നിറഞ്ഞതിനെത്തുടർന്ന് സ്പിൽ ചെയ്തു തുടങ്ങിയതാണ്. ഈ വിവരങ്ങളും ഡാമിന്റെ ചാർജുള്ള അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ അധികൃതർക്ക് കൈമാറിയതാണ്. ഇടുക്കിയും ശബരിഗിരിയും തുലാവർഷം വരെ അടയ്ക്കില്ലെന്നും കെഎസ്ഇബി ചെയർമാൻ പറഞ്ഞു.