എല്ലാ വായ്പകൾക്കും ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകൾക്കും ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കാൻ സംസ്ഥാന ബാങ്കേഴ്സ് സമിതി തീരുമാനിച്ചു. ഓഗസ്റ്റ് 31 മുതൽ മൊറട്ടോറിയം പ്രാബല്യത്തിലാകും. വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്താനും തീരുമാനമായി. മൂന്ന് മാസത്തേക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി ബാങ്കേഴ്സ് സമിതി വ്യക്തമാക്കി.

സർക്കാർ ധനകാര്യ സ്ഥാപനങ്ങളും ദേശസാത്കൃത ബാങ്കുകളും എല്ലാം വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിരുന്നു. പക്ഷേ സ്വകാര്യ ബാങ്കുകൾ ഇതൊന്നും പരിഗണിക്കാതെ ക്യാമ്പുകളിൽ ചെന്ന് പോലും പണപ്പിരിവ് നടത്തി. കോഴിക്കോട്ടെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ സ്വകാര്യ ബാങ്ക് ജീവനക്കാർ എത്തി വായ്പ എടുത്തവരെ ഭീഷണിപ്പെടുത്തിയ വാർത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള പ്രവണതകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെ തുടർന്നാണ് എല്ലാ ബാങ്കുകളും മൊറട്ടോറിയം പ്രഖ്യാപിച്ചത്.