ദുരിതാശ്വാസ ക്യാമ്പിലെ സംഘർഷം: സി പി എം നായരമ്പലം ഏരിയാ സെക്രട്ടറി ഉല്ലാസിനെതിരെ കേസെടുത്തു

കൊച്ചി: ദുരിതാശ്വാസക്യാമ്പിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സി.പി.എം നേതാവിനെതിരെ കേസെടുത്തു. സി പി എം നായരമ്പലം ഏരിയാ സെക്രട്ടറി ഉല്ലാസിനെതിരെയാണ്. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. സംഘർത്തിനിടെ എ എസ് ഐയുടെ തലയിലേയ്ക്ക് ഉല്ലാസ് ദുരിതാശ്വാസ ക്യാമ്പിലെ വസ്തുക്കൾ എടുത്തുവയ്ക്കാൻ ശ്രമിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു.

ക്യാമ്പിൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിൽ വിവേചനമെന്ന പരാതിയെത്തുടർന്നായിരുന്നു പൊലീസ് ക്യാമ്പിലെത്തിയത്. ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്ന വാഹനത്തിൽ ഡിവൈഎഫ്‌ഐയുടെ കൊടി കെട്ടിയതിനെത്തുടർന്നായിരുന്നു തർക്കം തുടങ്ങിയത്. നായരമ്പലം ഗ്രാമപ്പഞ്ചായത്തിൽ ഒമ്പത് ക്യാമ്പുകളാണ് പ്രവർത്തിച്ചത്. ഇവയ്‌ക്കെല്ലാം കൂടി നായരമ്പലം മംഗല്യ ഓഡിറ്റോറിയവും ഭഗവതി വിലാസം സ്‌കൂൾ കേന്ദ്രീകരിച്ചാണ് ഭക്ഷണമൊരുക്കിയത്

ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെയാണ് എത്തിച്ചിരുന്നതും. സമയാസമയങ്ങളിൽ ഇവിടെ നിന്ന് മറ്റ് ക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിക്കുകയായിരുന്നു. ഇതിനിടെ ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിൽ ഡിവൈഎഫ്‌ഐയുടെ കൊടി കെട്ടിയത് പ്രതിഷേധത്തിന് ഇടവരുത്തി. നായരമ്പലം ഭഗവതി വിലാസം സ്‌കൂളിലെ ക്യാമ്പിൽ മൂവായിരത്തിലേറെ പേർ ഉണ്ടായിരുന്നു. ഇവിടത്തെ ക്യാമ്പ് നടത്തിപ്പിന് ഒരു കമ്മിറ്റി രൂപവത്കരിക്കാൻ നടത്തിയ ശ്രമങ്ങൾ സി.പി.എം. ഭരണമുള്ള പഞ്ചായത്ത് അട്ടിമറിച്ചതായും ആരോപണമുയർന്നു

ക്യാമ്പിൽ നിന്നുള്ള സാധനങ്ങളുടെ നീക്കം പൂർണ മായും ചിലരുടെ കൈകളിൽ ഒതുങ്ങിയതും വലിയ വിമർശനങ്ങൾക്ക് ഇട വരുത്തി. ഇതേച്ചൊല്ലി സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പഞ്ചായത്തംഗം പി.ആർ. ബിജുവിനെ യൂത്ത് കോൺഗ്രസുകാർ കൈയറ്റം ചെയ്തതായും പരാതി ഉയർന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഞാറയ്ക്കൽ സ്റ്റേഷനിൽ നിന്ന് പോലീസെത്തി. പരാതിയില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നും ഇല്ലാത്തപക്ഷം ഇവിടെയുള്ള സാധനങ്ങൾ മുഴുവൻ പോലീസ് നിയന്ത്രണത്തിലാക്കേണ്ടി വരുമെന്നും അവർ അറിയിച്ചു. ഇതിൽ ക്ഷുഭിതനായി സി.പി.എം. ലോക്കൽ സെക്രട്ടറി ഉല്ലാസ് അരിച്ചാക്കെടുത്ത് പോലീസുദ്യോഗസ്ഥന്റെ തലയിൽ വയ്ക്കാൻ ശ്രമിക്കുകയായിരുന്നു.