ബലിപെരുന്നാൾ ആഘോഷത്തിന്റെ ധന്യതയിൽ ഹജ് തീർഥാടകർ

മക്ക: പുണ്യഭൂമിയിൽ ബലിപെരുന്നാൾ ആഘോഷത്തിന്റെ ധന്യതയിൽ ഹജ് തീർഥാടകർ. ജംറയിൽ ആദ്യദിനത്തിലെ കല്ലേറു കർമം പൂർത്തിയാക്കിയ ശേഷം ബലി അർപ്പണം. പിന്നീട് മക്കയിലെത്തി കഅബ പ്രദക്ഷിണവും സഫ-മർവ നടത്തവും പൂർത്തിയാക്കിയതോടെ ഹജ് കർമങ്ങൾക്ക് അർധ വിരാമമായി. തുടർന്ന്, ഇഹ്റാം മാറി പുതുവസ്ത്രമണിഞ്ഞ ഹാജിമാർ പരസ്പരം ആശ്ലേഷിച്ച് പെരുന്നാൾ ആഘോഷത്തിലായി. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.

മുസ്ദലിഫയിൽ നിന്നു ശേഖരിച്ച കൽമണികളുമായി പുലർച്ചെ മുതൽ ഒഴുകിയെത്തിയ തീർഥാടകർ പിശാചിന്റെ പ്രതീകമായ ജംറയിൽ കല്ലേറു കർമം നടത്തി. മണിക്കൂറിൽ ലക്ഷം പേർക്ക് ഇതിനായി സൗകര്യമൊരുക്കിയതും ഓരോ രാജ്യത്തിനും പ്രത്യേക സമയം അനുവദിച്ചതും തിരക്കൊഴിവാക്കി. 24 ലക്ഷം തീർഥാടകരാണു ഹജ് നിർവഹിച്ചതെന്നു സൗദി അധികൃതർ അറിയിച്ചു. ഇന്ത്യൻ ഹാജിമാരെല്ലാം ഉച്ചയോടെ കല്ലേറു കർമം പൂർത്തിയാക്കി. ശക്തമായ മഴയുണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമായിരുന്നു.