പ്രത്യേക പുനരുജ്ജീവന പാക്കേജ് വേണമെന്ന് കുട്ടനാട്

കുട്ടനാട്: ഒരാഴ്ച പിന്നിട്ടിട്ടും കുട്ടനാട്ടിൽ വെള്ളക്കെട്ടിറങ്ങുന്നില്ല. ഇങ്ങനെ തുടർന്നാൽ വെള്ളം കയറിയ വീടുകളിൽ ഇനി താമസിക്കാനാകില്ല. കുട്ടനാടിന് വേണ്ടി പ്രത്യേക പുനരുജ്ജീവന പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. ഒരു മാസത്തിലേറെയായി കുട്ടനാട്ടിൽ വെള്ളപ്പൊക്ക ദുരിതം തുടങ്ങിയിട്ട്. കൃഷിയും കരുതിവച്ച വിത്തും വരെ വെള്ളത്തിലായി. ഇനി ഒന്ന് മുതൽ എല്ലാം ആരംഭിക്കണം.

മൂന്ന് ലക്ഷത്തോളം പേർ ആലപ്പുഴയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ട്. ക്യാമ്പുകളിലും , കുട്ടനാട്ടിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വൈദ്യ സഹായത്തിന് എല്ലാ ക്യാമ്പുകളിലും ഓരോ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ലാത്തതാണ് ഇപ്പോഴും ക്യാമ്പുകളിൽ നേരിടുന്ന വെല്ലുവിളി.