ഹെല്‍മറ്റില്‍ കയറിയ പാമ്പിന്റെ കടിയേറ്റു; ഇതര സംസ്ഥാന തൊഴിലാളി ആശുപത്രിയില്‍

അങ്കമാലി: അങ്കമാലിയിൽ വെള്ളം പൊങ്ങിയ സ്ഥലത്തു പാർക്കു ചെയ്ത ബൈക്കിൽ വച്ച ഹെൽമറ്റിൽ കയറിയ പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായ വീരമണിക്കാണ് പാമ്പുകടിയേറ്റത്.  ഇയാൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വീരമണി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

വീരമണി ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതിൽനിന്നു വന്ന പാമ്പ് ആകാമെന്നാണ് കരുതുന്നത്. ഹെൽമറ്റ് ബൈക്കിൽ കൊളുത്തിയിട്ടിരിക്കുകയായിരുന്നു. തിരിച്ചെത്തിയ വീരമണി ബൈക്ക് സ്റ്റാർട്ട് ചെയ്യും മുൻപ് ഹെൽമറ്റ് എടുത്തപ്പോൾ പാമ്പ് കൈയിൽ കടിച്ചത്. കടിയേറ്റ വീരമണിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു.