ദുരന്തങ്ങൾ നേരിടാൻ ഇന്ത്യയിലെ ഭരണകൂടം സജ്ജമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ ഇന്ത്യയിലെ ഭരണകൂടം സജ്ജമെന്ന് യുഎന്നിന്റെ വിശദീകരണം. ദുരിതാശ്വാപ്രവർത്തനങ്ങളും പുനർനിർമാണ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും യുഎൻ വ്യക്തമാക്കി.  യുഎൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടേച്ചിന്റെ നിർദേശപ്രകാരമാണ് വിശദീകരണം. കേരളത്തിന് വേണ്ട സഹായങ്ങൾ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ ഓഫീസ് നൽകുമെന്നും അറിയിച്ചു. പ്രളയക്കെടുതി നേരിടാൻ സർക്കാറും കേന്ദ്ര സർക്കാറും സ്വീകരിച്ച നടപടികൾ അഭിനന്ദനീയമെന്നും യുഎൻ സെക്രട്ടറി ജനറൽ വ്യക്തമാക്കി.

കേരള സർക്കാരിന് അയയ്ക്കുന്ന സാധന സാമഗ്രികൾക്ക് ഇളവ് നൽകുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സന്നദ്ധ സംഘടനകൾക്കും ഇളവ് ലഭിക്കും. വ്യക്തികൾക്ക് അയയ്ക്കുന്നതിൽ ഇളവില്ല.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസ നടപടികൾ രാജ്യത്തിന് സ്വീകരിക്കാനാകും. യുഎൻ സഹായ വാഗ്ദാനത്തോടാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം.