ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം പൂർണം; സജി ചെറിയാൻ

ആലപ്പുഴ: ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനം പൂർണമായെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞു. പ്രളയത്തിൽ കുടുങ്ങിയ മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി. അടഞ്ഞു കിടന്ന എല്ലാ വീടുകളിലും പോയെന്ന് സജി ചെറിയാൻ പറഞ്ഞു. ഏറ്റവും കൂടുതൽ നന്ദിയുളളത് മൽസ്യത്തൊഴിലാളികളോടാണ്.
ചെങ്ങന്നൂരിൽ രണ്ട് ലക്ഷം പേർ പ്രളയത്തെ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രളയക്കെടുതി ഉണ്ടായപ്പോൾ സഹായമഭ്യർഥിച്ച് സജിചെറിയാൻ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂർ ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ 662 ക്യാംപുകളിലായി 2.7 ലക്ഷം പേരാണ് ഇപ്പോഴുള്ളത്. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കുമെന്ന് ആലപ്പുഴ എസ്പി ഇന്ന് അറിയിച്ചിരുന്നു. ക്യാംപുകളിലേയ്ക്ക് എത്തുന്ന സാധനങ്ങൾ അർഹതപ്പെട്ടവർക്ക് തന്നെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളുടെ പൂർണ്ണ നിയന്ത്രണം പൊലീസിന്റെ കൈകളിലായിരിക്കുമെന്നും എസ്പി അറിയിച്ചു.