പെൺകുട്ടിയെ പീഡിപ്പിച്ചവരെ വളർത്തുനായ കടിച്ചോടിച്ചു

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരെ വളർത്തുനായ കടിച്ചോടിച്ചു. വെള്ളിയാഴ്ച മധ്യപ്രദേശിലെ സഗാർ ജില്ലയിലെ കരീല ഗ്രാമത്തിലാണ് സംഭവം. രണ്ട് പേർ ചേർന്നാണ് പെൺകുട്ടിയെ ആക്രമിച്ചത്. കൊതുകിനെ തുരത്താനായി പുകയിടാൻ വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ പ്രതികൾ അതിക്രമിക്കുകയായിരുന്നു.

കത്തി ചൂണ്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതികൾ ഒരു കുടിലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് വളർത്തുനായ ഓടിയെത്തിയത്. ഉപദ്രവിക്കുന്ന കണ്ട നായ അതിക്രമം നടത്തിയ ഒരാളുടെ കാലിൽ കടിച്ചു. കത്തി ഉപയോഗിച്ച് നായയെും അവർ ആക്രമിച്ചെങ്കിലും പിൻവാങ്ങാതെ പെൺകുട്ടിയെ രക്ഷിക്കാനായി നായ പരിശ്രമിച്ചു. നായയുടെ കുര കേട്ട് അയൽവാസികൾ ഓടി വന്നതോടെ അക്രമികൾ രക്ഷപ്പെട്ടു.

പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഐഷു അഹിർവാർ, പണ്ഡിറ്റ് അഹിർവാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.