സംസ്ഥാനത്താകെ തകര്‍ന്നത് 11,001 വീടുകള്‍; കാര്‍ഷിക മേഖലയിലെ നഷ്ടം 1100 കോടി രൂപ

തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയദുരന്തത്തിൽ നിന്നു കരകയറുന്ന കേരള ജനത, ജീവിതം തിരിച്ചുപിടിക്കാനും സംസ്ഥാനത്തെ പുനർനിർമിക്കാനുമുള്ള ദൗത്യത്തിലേക്ക്. സംസ്ഥാനത്താകെ 11,001 വീടുകളാണു തകർന്നത്. ഇതിൽ 699 എണ്ണം പൂർണമായും 10,302 എണ്ണം ഭാഗികമായും തകർന്നു. 26 ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങി. പ്രളയക്കെടുതിയിൽ ഒലിച്ചുപോയതു 2.80 ലക്ഷം കർഷകരുടെ 45,988 ഹെക്ടറിലെ കൃഷിയാണ്. വീടുകളുടെയും കാർഷിക മേഖലയുടെയും നഷ്ടം ഏതാണ്ട് 1100 കോടി രൂപ വരും. കൃത്യമായ വിലയിരുത്തലിനു ശേഷമേ ശരിയായ നഷ്ടം തിട്ടപ്പെടുത്താൻ കഴിയൂ. തകർന്ന റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നഷ്ടം ഇതിന്റെ പലമടങ്ങു വരും.

വെള്ളത്തിന്റെ കുത്തൊഴുക്കിൽ ബണ്ടുകൾ തകർന്നു. ഇന്നലെ വരെ മാള ബസ് സ്റ്റാൻഡ് മുഴുവൻ വെള്ളത്തിനടിയിലായിരുന്നു. ട്രാൻസ്ഫോമറുകൾ പിഴുതെറിഞ്ഞതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഒരുപാട് സമയമെടുക്കും. ചെറുകിട സ്ഥാപനങ്ങളിൽ ഓണത്തിനായി കരുതിയ പല വ്യഞ്ജനങ്ങളും വസ്ത്രങ്ങളുമടക്കം എല്ലാം നശിച്ചു. മരുന്നുകടകളിലും വെള്ളം കയറി. മാളയടക്കമുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ പോലും വാങ്ങണമെങ്കിൽ കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടിവരും.

ശുചീകരണത്തിനും വീടുകൾ വാസയോഗ്യമാക്കുന്നതിനുമായി 40,000 പൊലീസുകാർ രംഗത്തിറങ്ങും. അറുപതിനായിരത്തിലേറെപ്പേരെ രക്ഷിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തതിനു പിന്നാലെയാണു പൊലീസ് ശുചീകരണ ദൗത്യത്തിലേക്കു കടക്കുന്നതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഡിജിപിയുടെ നിർദേശത്തിനു പിന്നാലെ ആറന്മുള മേഖലയിൽ വനിതാ പൊലീസുകാർ ഉൾപ്പെടെ വീടുകൾ വൃത്തിയാക്കാനിറങ്ങി. ശുചീകരണത്തിനു സന്നദ്ധപ്രവർത്തകരുടെ സേവനവും സർക്കാർ തേടി. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി 30 ദിവസത്തെ കർമപദ്ധതി ആരോഗ്യവകുപ്പു തയാറാക്കി.

ഓണക്കാലം കണക്കിലെടുത്ത് കൂടുതലായി സംഭരിച്ച ടൺകണക്കിനു ഭക്ഷ്യധാന്യങ്ങളും മറ്റ് ഉൽപന്നങ്ങളുമാണു ചാലക്കുടി മാർക്കറ്റിൽ വെള്ളപ്പൊക്കം മൂലം നശിച്ചത്. ചാലക്കുടി മാർക്കറ്റിൽ മാത്രം 300 കോടിയിലേറെ രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. ചാലക്കുടി പുഴ കരകവിഞ്ഞപ്പോൾ മാളയിലെ പ്രധാന ചെറുകിട വ്യാപാര മേഖല മുഴുവൻ വെള്ളത്തിനടിയിലായി. ബസ് സ്റ്റാൻഡ് വരെ കയറിയ വെള്ളം ഇറങ്ങിയതിനെ തുടർന്ന് ഇന്നാണ് റോഡുകൾ പോലും പൂർണമായും സഞ്ചാരയോഗ്യമായത്. വ്യാപാര മേഖല പൂർവസ്ഥിതിയിലാക്കാൻ ആഴ്ചകളോളും വേണ്ടിവരും.