വൈദ്യുതിയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന മുന്നറിയിപ്പുമായി മന്ത്രി എംഎം മണി

തിരുവനന്തപുരം: മഹാപ്രളയത്തിൽ നിന്ന് അതിജീവനത്തിന്റെ കുതിപ്പിലാണ് കേരളം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. പ്രളയ ശേഷം വീട്ടിലെത്തുന്നവർ വൈദ്യുതിയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന മുന്നറിയിപ്പുമായി മന്ത്രി എംഎം മണി തന്നെ രംഗത്തെത്തി.

1 വൈദ്യുതി വിതരണം പൂർവ്വ സ്ഥിതിയിലാക്കാൻ വൈദ്യുതി ബോർഡും ജീവനക്കാരും അവധി ദിവസങ്ങൾ പൂർണ്ണമായി ഒഴിവാക്കിയാകും ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. പൊതുജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പൂർണ്ണമായും മനസ്സിലാക്കി പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഈ വേളയിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

2 വെള്ളപ്പൊക്കത്തിൽ തകരാറിലായ ട്രാൻസ്‌ഫോർ സ്റ്റേഷനുകൾ പുനരുദ്ധരിക്കുന്ന ജോലികൾക്കാവും പ്രഥമ പരിഗണന. തെരുവ് വിളക്കുകൾ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകൾ, ആശുപത്രികൾ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി പുന:സ്ഥാപിക്കാനും, അതോടൊപ്പം, വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന മുറയ്ക്ക് വീടുകളിലെയും, സ്ഥാപനങ്ങളിലെയും കണക്ഷൻ പുന:സ്ഥാപിക്കുകയും ചെയ്യുക എന്ന മുൻഗണനയിലാണ് പ്രവർത്തനങ്ങൾ ആസുത്രണം ചെയ്തിട്ടുള്ളത്.

3 തെരുവ് വിളക്കുകൾ കേടായ ഇടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സാധനങ്ങൾ നൽകുന്ന മുറയ്ക്ക് സൗജന്യമായി അവ സ്ഥാപിച്ച് നൽകും. കൂടാതെ സെക്ഷൻ ഓഫീസുകൾ, റിലീഫ് ക്യാമ്പുകൾ മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് സൗജന്യമായി മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.

4 കണക്ഷൻ പുന:സ്ഥാപിക്കാൻ താമസം നേരിടുന്ന വീടുകളിൽ എർത്ത് ലീക്കേജ് സർക്ക്യൂട്ട് ബ്രേക്കർ ഉൾപ്പടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ് പോയിന്റും മാത്രമുള്ള താൽക്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നൽകാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

5 കണക്ഷൻ പുന:സ്ഥാപിക്കുന്നതിന് മുമ്പായി വയറിംഗ് സംവിധാനവും, വൈദ്യുതി ഉപകരണങ്ങളും പരിശോധിച്ച് അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ ഉറപ്പാക്കാതെ കണക്ഷൻ പുന:സ്ഥാപിക്കുന്നത് വൈദ്യുതി അപകടത്തിന് ഇടയാക്കും. ഇക്കാര്യത്തിൽ ഇലക്ട്രീഷ്യൻമാരുടെ സേവനവും, സന്നദ്ധ സംഘടനകളുടെ സേവനവും ലഭ്യമാക്കാൻ പ്രാദേശികമായ ഇടപെടൽ അത്യാവശ്യമാണ്.