ഓണപരീക്ഷ മാറ്റിവയ്ക്കാൻ ആലോചന; പൊതുവിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം:മഹാപ്രളയത്തിൻറെ ആഘാതത്തിൽ നിന്നും സംസ്ഥാനം കരകയറാത്ത സാഹചര്യത്തിൽ ഈ അധ്യയന വർഷത്തിലെ ഓണപരീക്ഷകൾ മാറ്റിവയ്ക്കുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നതായി സൂചന. ഓണപരീക്ഷ ഒഴിവാക്കി ഡിസംബറിൽ അർധവാർഷിക പരീക്ഷ മാത്രം നടത്താനാണ് പൊതുവിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.

പ്രളയക്കെടുതി നേരിട്ടനുഭവിച്ച ലക്ഷക്കണക്കിന് കുട്ടികൾക്ക് കൗൺസിലിംഗ് നടത്തുന്ന കാര്യവും സർക്കാരിൻറെ പരിഗണനയിലാണ്. നിപ്പ വൈറസ് ബാധ കാരണം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഈ അധ്യയന വർഷം തുടങ്ങിയത് തന്നെ വൈകിയാണ്. മഴ കടുത്തപ്പോൾ കുട്ടനാട് താലൂക്കിൽ ആഴ്ച്ചയിൽ ഒരു ദിവസം മാത്രം അധ്യയനം നടന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് ഈ വർഷം ഓണപരീക്ഷ വേണ്ടെന്ന് വയ്ക്കാൻ സർക്കാർ ആലോചിക്കുന്നത്.

ലക്ഷക്കണക്കിന് വീടുകൾ വെള്ളത്തിലാവുകയും പത്ത് ലക്ഷത്തിലേറെ പേർക്ക് വീട് വിട്ടു പോകേണ്ടി വരികയും ചെയ്ത പ്രളയത്തിൽ നിന്നും കേരളസമൂഹം ഇപ്പോഴും മുക്തി നേടിയിട്ടില്ല. വീടുകൾ പൂർണമായും തകർന്നവർക്ക് തത്കാലം ക്യാംപുകളിൽ നിന്ന് തിരിച്ചു പോകാനും ഇടമില്ല. ഇത്തരം കുടുംബങ്ങളിലെ കുട്ടികൾ സ്‌കൂൾ തുറന്നാൽ എന്ത് ചെയ്യും എന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്.