കബനി തീരത്തെ ആദിവാസി ഊരുകളിൽ ദുരിതകാഴ്ചകൾ

വയനാട്: മഴവെള്ളം ഇറങ്ങിയതോടെ കബനി നദിയുടെ തീരത്തെ ആദിവാസി ഊരുകളിൽ ദുരിതകാഴ്ചകളാണ്. പട്ടയ രേഖകളും റേഷൻ കാർഡും ആധാർ കാർഡുമടക്കം എല്ലാം നശിച്ചു. ഊരിലേക്കുള്ള റോഡുകൾ ഇല്ലാതായി. കുടിവെള്ള പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും തകർന്നു. വീടും റോഡും നശിച്ച ആദിവാസി ഊരുകളെ പഴയരീതിയിലേക്ക് എത്തിക്കുക ഏറെ ശ്രമകരമാണ്. മിക്ക വീടുകളും തകർന്നു വാസയോഗ്യമാക്കാൻ കഴിയാത്തവണ്ണം മണ്ണും ചെളിയും കയറിയ വീടുകളുമുണ്ട്.

കബനിയുടെ തീരത്തെ മുട്ടങ്കര, മുള്ളൻതറ, പീതാളി ഊരുകളിലും മഴക്കെടുതിയിൽ കാര്യമായ നാശനഷ്ടമുണ്ടായി. സർക്കാരിനൊപ്പം സന്നദ്ധസംഘടനകൾ കൂടി കൈകോർത്താൽ മാത്രമെ ആദിവാസി ഊരുകളിൽ അടിസ്ഥാനസൗകര്യങ്ങൾ പുനസ്ഥാപിക്കാനാകൂ.