സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം സാധാരണ നിലയിലായി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം സാധാരണ നിലയിലായി. അമൃത രാജ്യറാണി, മാംഗ്ലൂർ എക്സ്സ്പ്രസുകൾ തിരുവനന്തപുരത്തു നിന്നും ഇന്ന് കൃത്യ സമയത്തു സർവീസ് നടത്തും. തിരുവനന്തപുരം മുതൽ മംഗലാപുരം വരെ ഉള്ള മാവേലി, മലബാർ എക്‌സ്പ്രസുകൾ ഇന്ന് ഷൊർണൂരിൽ നിന്നും പുറപ്പെടും. മംഗാലപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള മലബാർ, മാവേലി ട്രെയിനുകൾ നാളെ മുതൽ ഓടിത്തുടങ്ങും. തിരുവനന്തപുരം-ഷൊർണ്ണൂർ, എറണാകുളം-ഷൊർണ്ണൂർ-തൃശൂർ പാതകളിലെ തടസ്സങ്ങൾ കൂടി മാറിയതിനാൽ റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകളിൽ പലതും രാവിലെ മുതൽ ഓടിത്തുടങ്ങിയിരുന്നു. ബാക്കിയുള്ളവ നാളെ മുതൽ പതിവ് പോലെ സർവ്വീസ് നടത്തും.

സംസ്ഥാനത്ത് കെഎസ്ആർടിസി സർവ്വീസുകളും സാധാരണനിലയിലായി. എം.സി.റോഡ് വഴിയും ദേശീയപാത വഴിയുമുള്ള സർവ്വീസുകൾ നടക്കുന്നു. ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്‌പെഷ്യൽ ബസ്സുകൾ നാളെ മുതൽ സർവ്വീസ് തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഇന്ന് 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്ര സർവ്വീസുകളും അധികമായുണ്ട്.