ഹിന്ദു യുവതിയെ കല്യാണം കഴിക്കാനായി മതം മാറി; ഭാര്യക്കായി മുസ്ലീം യുവാവ് സുപ്രീംകോടതിയിൽ

ഡൽഹി: ഹിന്ദു യുവതിയെ കല്യാണം കഴിക്കാനായി മതം മാറിയ മുസ്ലീം യുവാവിന്റെ കാര്യത്തിൽ സുപ്രീം കോടതി ഛത്തീസ്ഗഢ് സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. തന്റെ ഭാര്യയെ അവരുടെ മാതാപിതാക്കളുടെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ആഗസ്ത് 27ന് യുവതിയെ കോടതിയിൽ ഹാജരാക്കാൻ ഛത്തീസ്ഗഢിലെ ധർമരി ജില്ലാ പൊലീസ് സൂപ്രണ്ടിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഭാര്യയെ മോചിപ്പിക്കാൻ ഛത്തീസ്ഗഡ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവ് സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ജലി ജെയിനെ വിവാഹം ചെയ്യാനായി ഇബ്‌റാഹീം സിദ്ദിഖി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിന്ദുമതത്തിലേക്ക് മാറിയത്. പിന്നീട് ആര്യൻ ആര്യയെന്ന പേര് സ്വീകരിച്ചു. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഫെബ്രുവരി 25 ന് അവർ വിവാഹിതരായി. എന്നാൽ അഞ്ജലിയുടെ കുടുംബം ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.