ഹജ്ജ് കർമത്തിന് തുടക്കമായി; അറഫാ സംഗമം ഇന്ന്

മിന: ഹജ്ജ് കർമത്തിന് തുടക്കം കുറിക്കാൻ വിശ്വാസികൾ ഒരുങ്ങി നിൽക്കെ മക്കയിൽ ശക്തമായ മഴയും പൊടിക്കാറ്റും. ഞായറാഴ്ച വൈകീട്ടോടെ തകർത്ത് പെയ്ത മഴക്ക് ഇപ്പോൾ ശമനമുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് നമിറ മസ്ജിദിൽ നടക്കുന്ന ഖുതുബയ്ക്കുശേഷം ഹാജിമാർ അറഫയിൽ സംഗമിക്കും. 20 ലക്ഷത്തിലധികം ഹാജിമാർ അറഫാ സംഗമത്തിൽ പങ്കുകൊള്ളും. മിനായിലേക്കുള്ള വഴികളെല്ലാം കഴിഞ്ഞദിവസങ്ങളിൽ ശുഭ്രവസ്ത്രധാരികളായ ഹാജിമാരാൽ ഒഴുകുന്ന പുഴപോലെയായിരുന്നു.

ബൈക്കല്ലാഹുമ്മ ലബൈക്ക (നാഥാ ഞാൻ ഇതാ നിന്റെ വിളിക്കുത്തരമേകി നിന്റെ സന്നിധാനത്തിൽ വന്നണഞ്ഞിരിക്കുന്നു) എന്ന തൽബിയ്യത്ത് മന്ത്രധ്വനികളോടെയാണ് ഹാജിമാർ മിനായിലേക്ക് ഒഴുകിയത്. ഇരുപതുലക്ഷത്തിലധികം പേരാണ് ഇത്തവണ ഹജ്ജ് കർമം നിർവഹിക്കുന്നത്. വൻ സജ്ജീകരണങ്ങളാണ് ഹാജിമാർക്കായി സൗദി സർക്കാർ ഒരുക്കിയിട്ടുള്ളത്. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ ഹാജിമാരുടെ യാത്ര സുഖകരമാക്കാനുള്ള എല്ലാ സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്.