കേരളത്തിന് 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

കൊച്ചി: പ്രളയം ദുരിതം വിതച്ച കേരളത്തിന് 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. 100 മെട്രിക് ടൺ പയറുവർഗങ്ങൾ, 22 ലക്ഷം ലിറ്റർ കുടിവെള്ളം, 9300 കിലോ ലിറ്റർ മണ്ണെണ്ണ, 60 ടൺ മരുന്ന് തുടങ്ങിയവ ലഭിക്കും. പുതപ്പുകളും കിടക്കവിരികളും അടക്കം പ്രത്യേക ട്രെയിൻ കേരളത്തിലെത്തും. സംസ്ഥാനത്ത് 5,645 ക്യാംപുകളിലായി 7,24,649 പേർ താമസിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി ദുരിതാശ്വാസത്തിനാണ് ഊന്നൽ നൽകേണ്ടതെന്നും മുഖ്യമന്ത്രി.

പ്രളയത്തിൽ സംസ്ഥാനത്ത് 221 പാലങ്ങൾക്കു കേടുപറ്റി. 59 എണ്ണം വെള്ളത്തിലായി. 4,441 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. നശിച്ച റോഡുകൾ ഏതുവിധേനയും യാത്രായോഗ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ ദീർഘദൂരസർവീസുകൾ ഭാഗികമായി തുടങ്ങിയിട്ടുണ്ട്. കോട്ടയം വഴി ട്രെയിനുകളും ഓടിത്തുടങ്ങി. എല്ലാ ജില്ലകളിലെയും അതീവ ജാഗ്രതാ നിർദേശം പിൻവലിച്ചു. കനത്ത മഴയുണ്ടാകില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.