അഞ്ജുവിന് ദുരിതാശ്വാസ ക്യാമ്പിൽ മിന്നുകെട്ട്

മലപ്പുറം : എംഎസ്പിഎൽപി സ്‌കൂളിലെ സങ്കടങ്ങൾ നിറഞ്ഞ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ നിന്നൊരു സന്തോഷ വാർത്ത. ക്യാമ്പിലെ അന്തേ വാസി അഞ്ജു ഇന്ന് വിവാഹിതയായി. മലപ്പുറം നെച്ചിക്കുറ്റി താഴ്‌വാരത്തിൽ സുന്ദരന്റെയും ശോഭയുടെയും മകളാണ് അഞ്ജു വേങ്ങര ചേറൂർ കാക്കാട്ടുപറമ്പിൽ വേലായുധന്റെ മകൻ ഷൈജുവായിരുന്നു വരൻ.

പത്തരക്കും പതിനൊന്നരക്കും ഇടയിലായിരുന്നു മുഹൂർത്തം. ഒരിക്കൽ സ്വപ്നങ്ങൾക്കും മീതെ പെയ്തിറങ്ങിയ മഴ ഇന്നലെയും നിർത്താതെ പെയ്തുകൊണ്ടിരുന്നു. എന്നാൽ, ഒരു തടസ്സവുമില്ലാതെ ചടങ്ങുകൾ നടന്നു. ആർഭാടങ്ങളെല്ലാം ഒഴിവാക്കി തൃപുരാന്തക ക്ഷേത്രസന്നിധിയിൽ ക്ഷണിച്ചും ക്ഷണിക്കാതെയുമെത്തിയ നിരവധിയാളുകളെ സാക്ഷിയാക്കി ഷൈജു അഞ്ജുവിനു മിന്നു ചാർത്തി. വിവാഹ സദ്യയൊരുക്കി ക്ഷേത്രകമ്മിറ്റിയും കൂടെനിന്നു. ഉച്ചയോടെ ചടങ്ങുകളെല്ലാം തീർത്ത് നിറകൺചിരിയോടെ അഞ്ജുവും ഷൈജുവിനൊപ്പം തിരിച്ചു. ദുഖങ്ങൾ മറന്ന് ദുരിതാശ്വാസ ക്യാമ്പിലെ അതിഥികൾ ചിരിച്ചുകൊണ്ട് അവരെ യാത്രയാക്കി

അഞ്ജുവിന്റെ വിവാഹ ചടങ്ങിനായി ഒരുക്കിയ വീടും വാങ്ങിയ സാധനങ്ങളുമെല്ലാം ഒരു നിമിഷം കെണ്ട് പ്രളയത്തിൽ മുങ്ങി. ആർത്തലച്ചെത്തിയ പ്രളയം കുടുംബത്തെ നഗരസഭ ഒരുക്കിയ എം.എസ്.പി എൽ.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം നഷ്ടമായതിന്റെ വേദനയിലായ സുന്ദരനെയും കുടുംബത്തെയും സഹായിക്കാൻ ക്യാമ്പിലുള്ളവർക്കൊപ്പം വരന്റെ ബന്ധുക്കളും നാടും കൂടെയുണ്ടായി. പഠിച്ച സ്‌കൂളിൽ നിന്നും ബന്ധുക്കളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ അഞ്ജു ക്ഷേത്രത്തിലേക്ക് വിവാഹ ചടങ്ങുകൾക്കായി പോയത്. നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽതന്നെ താലികെട്ടുമ്പോൾ പൂവിതറാനും വീട്ടുകാരുടെ കാര്യഗൗരവത്തോടെ കല്യാണം കേമമാക്കാനും സ്വപ്നത്തിലും പോലും പ്രതീക്ഷിക്കാത്ത നൂറുകണക്കിനുപേർ അഞ്ചുവിനൊപ്പമുണ്ടായിരുന്നു.