സംസ്ഥാനത്തിന്റെ മുൻഗണന ഇനി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് മുൻഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി. വീടുകളിൽ ഒറ്റപ്പെട്ടവർക്കും പാചകം ചെയ്ത് കഴിക്കാൻ കഴിയാത്തവർക്കും ഭക്ഷണം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.

ദുരിതബാധിതമേഖലകളിൽ വൈദ്യുതി സംവിധാനം തകർന്നുപോയിട്ടുണ്ട്. അവ പുനസ്ഥാപിക്കുക എന്നത് പ്രധാനമാണ്. കുടിവെള്ള പദ്ധതികൾക്കും തെരുവ് വിളക്കുകൾക്കും വൈദ്യുതി പുനസ്ഥാപിക്കുക എന്നത് എറ്റവും പ്രഥമ ഉത്തരവാദിത്തമാണ്. അതോടൊപ്പം വീടുകളിലും കെട്ടിടങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശരിയായ മേൽനോട്ടത്തിൽ മാത്രമേ ഇത് നടത്താനാവൂ. ഇല്ലെങ്കിൽ വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമിക്കുന്നത് അപകടം സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടാക്കും. ഇക്കാര്യം പരിഗണിച്ചുകൊണ്ട് അപകടരഹിതമായി മുൻകരുതലുകളോടെ പുനസ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വൈദ്യുതി വകുപ്പിന് നൽകിക്കഴിഞ്ഞിട്ടുണ്ട്. ആ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയത്തിൽ റോഡുകൾ പലതും സഞ്ചാര യോഗ്യമല്ലാതായിട്ടുണ്ട്. പ്രാഥമിക നഷ്ടം 4441 കോടി. 221 പാലങ്ങൾ പ്രളയത്തിൽ പെട്ടു. 59 പാലങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. യുദ്ധകാലാടിസ്ഥാനത്തിൽ റെയിൽ ഗതാഗതം പുന:സ്ഥാപിക്കും. കെ എസ് ആർ ടി സി ദീർഘദൂര യാത്രകൾ പുനരാരംഭിച്ചു

രക്ഷാപ്രവർത്തനത്തിൽ സജീവമായി ഇടപെട്ട മീൻപിടുത്തക്കാരെ സർക്കാർ കൈവിടില്ല. കേടു വന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം നൽകും. കുട്ടികളുടെ നഷ്ടപ്പെട്ട യൂണിഫോമും പാഠപുസ്തകങ്ങളും സർക്കാർ സൗജന്യമായി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് മാത്രം 13 പേർ മരണപ്പെട്ടു. 22034 പേരെ രക്ഷപ്പെടുത്തി. 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 724649 പേർ കഴിയുന്നു. രക്ഷാപ്രവർത്തനം ലക്ഷ്യം കണ്ടു. ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് അടുത്ത ദൗത്യം.ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധന അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.