ദുരന്തമഴ: കൂടുതൽ സഹായ വാഗ്ദാനവുമായി കേന്ദ്രം

ദില്ലി: കേരളത്തിന് കൂടുതൽ സഹായ വാഗ്ദാനവുമായി കേന്ദ്രം. ഇന്ന് വൈകിട്ട് കേരളത്തിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. യോഗ ശേഷം ദുരിതാശ്വാസത്തിന് മുൻഗണന നൽകണമെന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു.

ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കേരളത്തിന് ഉറപ്പാക്കാൻ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകി. ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടൺ അരിയും ഗോതമ്പും നൽകും. ഇതുകൂടാതെ 100 മെട്രിക് ടൺ പയർവർഗങ്ങളും നാളെ എത്തിക്കും.12,000 ലിറ്റർ മണ്ണെണ്ണ പെട്രോളിയം മന്ത്രാലയം നൽകും. ആരോഗ്യമന്ത്രാലയം 60 ടൺ മരുന്ന് കയറ്റി അയക്കും. സ്ഥിതി സാധാരണനിലയിലായകും വരെ സേനകൾ കേരളത്തിൽ തുടരും.

തിരുവനന്തപുരത്ത് നിന്നും എറണാകുളത്തു നിന്നും കൊൽക്കത്തയിലേക്ക് രണ്ട് പ്രത്യേക തീവണ്ടികൾ സർവ്വീസുകൾ നടത്താനും യോഗത്തിൽ തീരുമാനമായി. തിങ്കളാഴ്ച വൈകിട്ടോടെ തീവണ്ടി സർവ്വീസ് സാധാരണ നിലയിലാകും. ആറ് മെഡിക്കൽ സംഘങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യും.