പ്രളയമഴ വിഴുങ്ങിയ ചെങ്ങന്നൂരിൽ ജീവനുവേണ്ടി ആയിരങ്ങൾ

ആലപ്പുഴ: ദുരന്തമഴ ഏറ്റവും കൂടുതൽ നാശം വിതച്ചതു ചെങ്ങന്നുരിലാണ്. ചെങ്ങന്നൂരിന്റെ ഉൾപ്രദേശങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. പതിനായിങ്ങളാണ് വീടുകളിൽ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. പാണ്ടനാട്, ബുധനൂർ തിരുവൻവണ്ടൂർ മേഖലകളിൽ രക്ഷാപ്രവർത്തനം നടക്കുന്നില്ലെന്നും പരാതിയുണ്ട്.

നാല് ഹെലികോപ്റ്ററുകൾ, 65 ഫൈബർ വള്ളങ്ങൾ എന്നിവയാണ് ഇന്ന് ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. എന്നാൽ രക്ഷാപ്രവർത്തകർക്ക് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥയിൽ ആയിരക്കണക്കിന് പേരാണ് ഉള്ളത്. ചില സ്ഥലങ്ങളിൽ മൃതദേഹങ്ങൾ വെള്ളത്തിൽ ഒഴുകി നടക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

പാണ്ടനാട്, ബുധനൂർ തിരുവൻവണ്ടൂർ പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിൽ രക്ഷാവർത്തനങ്ങൾ നടത്തുന്നത് നാട്ടുകാരും മത്സ്യത്തൊഴിലാളാകളുമാണ്. പാണ്ടനാടിന്റെ ചില ഭാഗങ്ങളിൽ മാത്രം നാവിക സേനയ്ക്ക് എത്തിപ്പെടാൻ കഴിഞ്ഞു. ഇവിടെ നിന്ന് 200 ലധികം പേരെ രക്ഷപെടുത്തി. പാണ്ടനാട് നിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് കരയ്‌ക്കെത്തിച്ചത്. ബാക്കിയുള്ളവ പലയിടത്തായി കെട്ടിയിട്ടിരിക്കുകയാണ്.

പമ്പയാറും അച്ചൻകോവിലാറും കരകവിഞ്ഞൊഴുകുന്നതിനാൽ ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി തുടരുന്നു.നാട്ടുകാരും മത്സ്യ പ്രവർത്തകരും പലയിടത്തും ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്