കനത്ത മഴയെതുടർന്നുള്ള മണ്ണിടിച്ചിലിൽ കുടകിൽ ആറ് പേർ മരിച്ചു

കർണാടക: കുടക്,ഹാസൻ ഭാഗങ്ങളിൽ കനത്ത മഴയെതുടർന്നുള്ള മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു. മൂടൽമഞ്ഞും കനത്തമഴയും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുകയാണ്.കൃത്യമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്താൻ ഇപ്പോഴും സാധിക്കാത്ത അവസ്ഥയാണുള്ളത്. ഒറ്റപെട്ടു നിൽക്കുന്നവരെയും,കാണാതായവരെ കണ്ടെത്താനുമായി ഹെലികോപ്റ്റർ സൗകര്യമുണ്ടെങ്കിലും മോശം കാലാവസ്ഥയായതിനാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ഒട്ടനവധിപേർ ഇപ്പോഴും കട്ടേക്കരി കുന്നിൽ ഒറ്റപെട്ടു കഴിയുന്നു എന്നാണ് ഒടുവിലായി കിട്ടിയ വിവരം. മണ്ണിടിച്ചിനെതുടർന്ന് ഈ ഭാഗങ്ങളിൽ നിന്നുമുളള കെഎസ്ആർടിസി ബസ് സർവ്വീസുകളും റദ്ദാക്കിയിരുന്നു.

വ്യാഴാഴ്ച ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇവിടെ വീട് തകർന്നിരുന്നു. തുടർന്ന് ഇവിടങ്ങളിലെ 300ഓളം താമസക്കാരെ മാറ്റിപാർപ്പിക്കുകയായിരുന്നു. മടിക്കേരിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെതുടർന്ന് വെള്ളിയാഴ്ച നവജാത ശിശുവടക്കം മൂന്നുപേർ മരിച്ചു. മടിക്കേരി,മക്കന്തൂർ സ്വദേശി സാബു,ജുഡുപാല ഗ്രാമത്തിലെ വസപ്പ,സോമവാർപേട്ടയിലെ 14ദിവസം പ്രായമായ ഒരു കുട്ടിയുമാണ് മരിച്ചത്. വീടിനുസമീപത്തുള്ള കുന്നിടിഞ്ഞാണ് മൂവരും മരിച്ചത്.

മന്ത്രിമാരായ എച്ച് ഡി രേവണ്ണയും ആർ വി ദേശ്പാണ്ഡയും കുടകിലെ പ്രളയബാധിതപ്രദേശങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. മടിക്കേരിയിലെ കുന്നിടിച്ചിലിൽ കാണാതായവരെ കണ്ടെത്താനും പുറത്തെത്തിക്കാനുമായി കേന്ദ്രസേനയുടെ സഹായം തേടിയെത്തിയിട്ടുണ്ടെന്നും 70അംഗ കേന്ദ്രസേന നാളെ എത്തുമെന്നും മന്ത്രി പറഞ്ഞു.