പറവൂർ പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞ്; അഭയം തേടിയവരിൽ ആറുപേർ മരിച്ചു

ആലുവ: പ്രളയക്കെടുതിയിൽ നിന്ന് രക്ഷപ്പെട്ട് പറവൂർ പള്ളിയിൽ അഭയം തേടിയവരിൽ ആറുപേർ മരിച്ചു. നോർത്ത് കുത്തിയതോടുള്ള പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടം. പറവൂർ എംഎൽഎ വി.ഡി സതീശൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒട്ടേറെ പേർ കെട്ടിടകങ്ങളുടെ മുകളിലെ നിലകളിൽ കഴിയുകയാണെന്നാണ് രക്ഷാപ്രവർത്തനത്തിന് ഫൈബർ വള്ളത്തിലെത്തിയ മലപ്പുറം താനൂരിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ പറയുന്നത്. ഉൾനാടൻ പ്രദേശങ്ങളിലേക്ക് പോയ ഇവർ കണ്ടത് ദയനീയമായ കാഴ്ചയാണ്. വെള്ളിയാഴ്ച വൈകീട്ടുള്ള വിവരമാണ് താനൂരിൽ നിന്ന് പോയവർ പറയുന്നത്.
നാൽപ്പതോളം പേരെ ഇവർ രക്ഷപ്പെടുത്തി. ഈ സമയം പലരും കെട്ടിടങ്ങളുടെ മുകളിൽ നിന്ന് ഇവരെ കൈകാണിച്ചും ഒച്ചവച്ചും വിളിക്കുന്നുണ്ടായിരുന്നു. ഉൾനാടൻ പ്രദേശത്തേക്ക് പോകുമ്പോൾ കൂകി വിളിച്ച് ആളുണ്ടോ എന്ന് ചോദിച്ചാണ് തങ്ങൾ പോയതെന്ന് കൂട്ടായി സ്വദേശി കാസിം നാട്ടിലുള്ളവരെ അറിയിച്ചു. ഒച്ച വച്ച് ആളുണ്ടോ എന്ന് ചോദിക്കുമ്പോഴാണ് പല സ്ഥലങ്ങളിലും ആളുകൾ കുടുങ്ങിയത് അറിയുന്നത്.
കഴിയുന്നവരെ രക്ഷിച്ചെന്നും ഇനിയും ഈ പ്രദേശത്തേക്ക് വള്ളവുമായി പോകുകയാണെന്നും കാസിം നാട്ടിലുള്ള സുഹൃത്തുക്കളെ അറിയിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെയാണ് ഒട്ടേറെ പേർ കഴിയുന്നത്. സേനാവിഭാഗങ്ങളും സജീവമാണെങ്കിലും ഉൾനാടൻ പ്രദേശങ്ങളിലേക്ക് അവർക്ക് എത്താൻ സാധിച്ചിട്ടില്ല. മേഖലകളിലേക്ക് കൂടുതൽ സഹായം ആവശ്യമാണ്.
രക്ഷാപ്രവർത്തനത്തിന് ആളുകളുടെ അപര്യാപ്തതയുണ്ട്. എയർലിഫ്റ്റിങ് പലയിടത്തും സാധ്യമല്ലാത്ത സാഹചര്യമാണ്. ബോട്ടുകൾ മതിയായ എണ്ണത്തിലില്ല. കെട്ടിടങ്ങളുടെ രണ്ടുനിലകൾ പൂർണമായും വെള്ളത്തിനടിയിലാണെന്നും തെങ്ങുകളുടെ മുകൾ ഭാഗം മാത്രമേ കാണുന്നുള്ളൂവെന്നും കൂട്ടായി സ്വദേശി സുഹൃത്തുക്കളെ അറിയിച്ചു. മഴ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ശമിച്ചിട്ടില്ല. ചിലയിടങ്ങളിൽ നല്ല ഒഴുക്കുണ്ട്. ക്യാംപുകളിലെ അവസ്ഥയും ദയനീയമാണ്.
എറണാകുളം ജില്ലയുടെ വിവിധ മേഖലകളിൽ സ്ഥിതിഗതികൾ അതീവ ഗരുതുരമെന്ന് റിപ്പോർട്ട്. വടക്കൻ പറവൂർ, പുത്തൻവേലിക്കര, ചേന്ദമംഗലം മേഖലകളിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി തുടരുന്നു. ഇവിടെയുള്ള പല വീടുകളിലും കുടുക്കിയവരെ രക്ഷിക്കാൻ ആരുമെത്തിയിട്ടില്ല.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു