പ്രളയക്കെടുതിയിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസഹായമായി 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും

കൊച്ചി: കേരളം നേരിട്ട പ്രളയക്കെടുതിയിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസഹായമായി 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. ഇൻഷുറൻസ് കമ്പനികളോട് കേരളത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കാർഷിക നഷ്ടം വിലയിരുത്താനും അതിനുള്ള നഷ്ടപരിഹാരം നൽകാനും പ്രത്യേക നിർദ്ദേശവും കേന്ദ്രം നൽകി.

പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിന് 500 കോടി രൂപയുടെ ഇടക്കാലാശ്വാസമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇത്രയും തുക അനുവദിച്ചത്. കേരളത്തിലുണ്ടായ ജീവനാശത്തിൽ പ്രധാനമന്ത്രി അതിയായ ദുഖം രേഖപ്പെടുത്തി . കേന്ദ്രആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് പ്രഖ്യാപിച്ച 100 കോടിക്ക് പുറമെയാണ് 500 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത് . രാജ്യത്തിൻറെ മറ്റ് മേഖലകളിൽ നിന്ന് ഭക്ഷ്യധാന്യം , മരുന്നുകൾ എന്നിവ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ ദേശീയ പാത അതോറിറ്റിക്ക് പ്രത്യേക നിർദ്ദേശം നൽകിയ കേന്ദ്രം കേരളത്തിലെ റോഡുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും വ്യക്തമാക്കി. വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കേരളത്തിലെത്തണം. തകർന്ന വീടുകൾ പുനർനിർമ്മിക്കാനും നടപടി എടുക്കുമെന്നും കേന്ദ്രം വിശദമാക്കി.