ഹെലികോപ്ടർ വഴിയുള്ള വിതരണത്തിന് വേണ്ടത് ജലാംശമില്ലാത്ത ഭക്ഷണം

തിരുവനന്തപുരം: ദുരിതം ബാധിച്ച് കുടുങ്ങി പോയവർക്കും ക്യംപുകളിൽ അഭയം തേടിയവർക്കും ഹെലികോപ്ടർ വഴി നൽകുന്ന ഭക്ഷണം ജലാംശമില്ലാത്തതും പാചകം ആവശ്യമില്ലാത്തതും വേഗത്തിൽ ചീത്തയാകാത്തതുമാകണമെന്ന് സൈനിക അധികൃതർ അറിയിച്ചു. കളക്ഷൻ സെന്ററുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ കുപ്പിവെള്ളം, അവൽ, മലർ, ശർക്കര, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്ട്സ്, ചോക്കലേറ്റ്, ബൺ എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും അറിയിപ്പിൽ പറയുന്നു.

പാകം ചെയ്തതും എളുപ്പത്തിൽ ചീത്തയാവുന്നതുമായ ഭക്ഷണ പദാർത്ഥങ്ങൾ നിരവധി പേർ ദുരിതാശ്വാസ ക്യാംപുകളിൽ എത്തിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം പാഴായി പോകാതിരിക്കാനും ദുരിത ബാധിതർക്ക് വേണ്ടത്ര അളവിൽ ലഭ്യമാക്കാനും ഇതു സഹായിക്കുമെന്നും സൈനിക അധികൃതർ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ആയിരത്തോളം പേർക്കുള്ള ഭക്ഷ്യ വസ്തുക്കളാണ് വ്യോമമാർഗം പത്തനംതിട്ടയിൽ എത്തിച്ചത്. എയർ ഡ്രോപ്പ് നടത്തിയാണ് ഇവ ദുരിത ബാധിതർക്ക് നൽകുന്നത്. ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിന് മേൽനോട്ടം വഹിക്കാൻ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.