പ്രളയബാധിത മേഖലയിൽ പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം റദ്ദാക്കി

കൊച്ചി: കാലാവസ്ഥ മോശമായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ തിരിച്ചിറക്കി. കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ കനത്ത മഴയാണ്. പ്രളയബാധിത മേഖലയിൽ പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം ഇതേ തുടർന്ന് റദ്ദാക്കി.

പ്രളയക്കെടുതി വിലയിരുത്താൻ തിരുവനന്തപുരത്ത് നിന്ന് വ്യോമമാർഗം ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. ഹെലികോപ്റ്റർ മാർഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനായിരുന്നു തീരുമാനം. പ്രളയം രൂക്ഷമായ റാന്നി, ചെങ്ങന്നൂർ, ആലുവ, ചാലക്കുടി എന്നിവിടങ്ങൾ സന്ദർശിക്കാനും തീരുമാനിച്ചിരുന്നു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കൊച്ചിയിൽ അവലോകനയോഗം ചേരുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.

രക്ഷാപ്രവർത്തനം പലയിടങ്ങളിലും കാര്യക്ഷമമായി നടക്കാൻ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യം സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധിയാളുകൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്, പര്യാപ്തമായ ഹെലികോപ്ടർ സംവിധാനം ഇനിയും ലഭ്യമായിട്ടില്ല, ബോട്ടുകളുടെ സേവനവും പ്രതിസന്ധിയിലാണ്, ചിലയിടങ്ങളിൽ നിന്നുള്ള കണക്കുകൾ മാത്രമാണ് പുറത്തുവരുന്നത് തുടങ്ങിയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് നേരിട്ട് ഈ ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽ്പ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നെങ്കിലും സർക്കാർ നിരാകരിക്കുകയായിരുന്നു.