തിരുവനന്തപുരം ജില്ലയിലെ റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: മഴ കുറഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ റെഡ് അലർട്ട് പിൻവലിച്ചു. വൈകുന്നേരം നാല് മണിക്ക് കാലാവസ്ഥാ നീരീക്ഷണകേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിനിലാണ് തലസ്ഥാന ജില്ലയെ അതിതീവ്ര ജാഗ്രതാ നിർദ്ദേശത്തിൽ നിന്ന് ഒഴിവാക്കിയത്. തിരുവനന്തപുരവും കാസർഗോഡും ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇപ്പോഴും റെഡ് അലർട്ട് തുടരുന്നത്.

ഇന്ന് വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ചെറിയ തോതിൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇടുക്കിയും എറണാകുളവും ഒഴികെയുള്ള ജില്ലകളിലെല്ലാം നാളത്തോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.