വയനാട് ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു

വയനാട്: ഇന്നലെ വൈകുന്നേരത്തോടെയും ഇന്നുമായി കൂടുതൽ പേർ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. 23000 ലധികം പേരാണ് ക്യാമ്പുകളിലെത്തിയിട്ടുള്ളത്. മഴക്കെടുതികൾ കൂടുതൽ പേരെ ബാധിച്ചിട്ടുള്ളത് മാനന്തവാടി വൈത്തിരി താലൂക്കൂകളിലാണ്. മാനന്തവാടിയലെ പായോടും കുഴിനിലത്തും വള്ളിയൂർക്കാവിലും റോഡിലെ വെള്ളക്കെട്ട് കാരണം കണ്ണൂർ, തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ പഞ്ചായത്തുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്ന് കൂടുതൽ ക്യാമ്പുകൾ കൂടി ഇവിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.

6356 കുടുംബങ്ങളിലെ 22964 പേരാണ് 183 കേന്ദ്രങ്ങളിലായി കഴിയുന്നത്. ജലനിരപ്പ് ഉയർന്നതിനാൽ കാരാപ്പുഴ ഡാം ഷട്ടറുകൾ കഴിഞ്ഞ ദിവസം മുപ്പത് സെന്റീമീറ്റർ ഉയർത്തിയരുന്നു. ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ അൽപ്പം താഴ്ത്തിയിട്ടുണ്ട്. 255 സെന്റീമീറ്ററാണ് ഷട്ടറുകളുടെ നിലവിലെ ഉയരം. അവസാനം ലഭിച്ച വിവരമനുസരിച്ച് 96.67 മില്ലിമീറ്ററാണ് കഴിഞ്ഞ 24 മണിക്കൂറിൽ വയനാട്ടിൽ ലഭിച്ച മഴ. മാനന്തവാടി താലൂക്കിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 113 മില്ലിമീറ്റർ. വൈത്തിരിയിൽ 111.4, ബത്തേരിയിൽ 65.6 മില്ലീമീറ്റർ എന്നിങ്ങനെയാണ് മഴയുടെ കണക്ക്.