പന്തളം നഗരം വെള്ളത്തിനടിയിലായി; എം.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

പന്തളം: അച്ചൻകോവിലാർ കരകവിഞ്ഞൊഴുകിയതോടെ പന്തളം നഗരം പൂർണമായും വെള്ളത്തിനടിയിലായി. പന്തളം നഗരവും പരിസരവും വെള്ളത്തിനടിയിലായതോടെ എംസി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പുലർച്ചയോടെയാണ് പന്തളം നഗരത്തിൽ പെട്ടെന്ന് വെള്ളം കയറിത്തുടങ്ങിയത്.

പുഴയ്ക്കു സമാനമായ രീതിയിൽ ശക്തമായ ഒഴുക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. റോഡുകൾ പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കടുത്ത പ്രളയം നേരിടുന്ന പത്തനംതിട്ടയിലേക്ക് ബോട്ടുകളും മറ്റു സഹായങ്ങളും എത്തിക്കുന്നതിന് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.