അടൽജി:ഹൃദയങ്ങൾ കീഴടക്കിയ ജനകീയ നേതാവ്

ഡൽഹി: രാഷ്ട്രീയ എതിരാളികളെ പോലും ആദരിച്ച് ജനാധിപത്യത്തിന്റെ മഹത്വം വാനോളമുയർത്തിയ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഉത്തർ പ്രദേശിൽ നിന്നും മധ്യപ്രദേശിലെ ഗ്വാളിയാരിലേക്ക് കുടിയേറി പാർത്ത കർഷക കുടുംബത്തിൽ 1924 ഡിസംബർ 25നായിരുന്നു ജനനം.ഗ്വാളിയോറിലെ വിക്‌ടോറിയ കോളേജിൽ നിന്നും മൂന്ന് വിഷയങ്ങളിൽ ബിരുദവും,കാൺപൂർ ഡി.എൻ.ബി കോളേജിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി.

1942ലെ ക്വിറ്റ്വിന്ത്യാസമരത്തിലൂടെയായിരുന്നു വാജ്‌പേയി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്.1951ൽ ജനസംഘത്തിന്റെ സ്ഥാപക നേതാവായിരുന്നു.1979ൽ ജനതാപാർട്ടി മന്ത്രിസഭ രാജിവച്ചപ്പോൾ മറ്റു നേതാക്കൾക്കൊപ്പം ചേർന്ന് ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചു.1980 86കാലത്ത് ഭാരതീയ ജനതാപാർട്ടിയുടെ ദേശീയ പ്രസിഡന്റായിരുന്നു. 1977ലെ രണ്ടാം ലോക്‌സഭ മുതൽ 9 തവണ ലോക്‌സഭയിലേക്കും 2 തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.1977ലെ മൊറാർജി ദേശായിയുടെ ജനതാമന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു വാജ്‌പോയി.1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിന് ശേഷം രാജിവച്ചു.1999ൽ വിശ്വാസവോട്ടെടുപ്പ് അതിജീവിക്കാനായില്ല.തുടർന്ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും പ്രധാനമന്ത്രിയായി.

പൊഖ്‌റാൻ ആണവപരീക്ഷണവും,പാർലിമെന്റ് ആക്രമണവും നടന്നത് അദ്ദേഹത്തിന്റെ കാലത്താണ്. പ്രഭാഷകനായും,കവിയായും അദ്ദേഹം പ്രശസ്തനായി.1992ൽ പത്മവിഭൂഷനും 2014ൽഭാരതരത്‌നയും വാജ്‌പേയ്യെ തേടിയെത്തി.2005ൽ മുംബൈയിൽ നടന്ന റാലിയിൽ വച്ച് വാജ്‌പേയി സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. പിന്നീട് രോഗാതുരനായ വാജ്‌പേയ് എല്ലാ പൊതുചടങ്ങുകളിൽ നിന്നും വിട്ടുനിന്നു. വർത്തമാനകാല രാഷ്ട്രീയം ബഹുസ്വരതയ്ക്ക് പോലും ഭീഷണി ആയി നിൽക്കുമ്പോൾ വാജ്‌പേയ്യുടെ കർമ്മ മണ്ഡലവും പ്രവർത്തനവും ഇന്ത്യയുടെ ജനാധിപത്യസംസ്‌ക്കാരത്തിന്റെയും പരസ്പര രാഷ്ട്രീയ ബഹുമാനത്തിന്റെയും മുഖമുദ്രയായിരുന്നു.ഒരുപാട് നല്ല ഓർമ്മകൾ ഇന്ത്യക്ക് നല്കിയാണ് വാജ്‌പേയ് കടന്നുപോയത്