ആറന്മുളയിൽ 80 രോഗികൾ ആശുപത്രിയിൽ കുടുങ്ങി

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ആറന്മുള മാലക്കര സെൻറ് തോമസ് ആശുപത്രിയിൽ 80 രോഗികൾ കുടുങ്ങിയിരിക്കുകയാണ്. ഭക്ഷണവും വെള്ളവും ഇല്ലാതെ രോഗികൾ വലയുകയാണ്. ആശുപത്രി വെൻറിലേറ്ററിലെ ഓക്സിജൻറെ അളവ് കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. അടിയന്തരമായ സഹായം വേണമെന്ന് ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു.

ആറന്മുളയിലെ പഴയ പോസ്റ്റ് ബസ് സ്റ്റോപ്പിനും കോർപ്പേറഷൻ ബാങ്കിനും സമീപമുള്ള വീട്ടിൽ രണ്ട് പേർ കുടുങ്ങി കിടക്കുകയാണ്. ഒറ്റനില വീട് പൂർണമായും വെള്ളത്തിലാണ്. പത്തനംതിട്ടയിൽ ഒറ്റപ്പെട്ട് ആയിരത്തിലേറെ പേർ. ഭക്ഷണവും വെളിച്ചവും ഇല്ലാതെ ജനം നട്ടം തിരിയുകയാണ്. സൈന്യവും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ജില്ലയിലെ ഡാമുകളുടെ ഷട്ടർ താഴ്ത്തി.