അബുദാബിയിൽ വേഗപരിധി ബോർഡുകൾ സ്ഥാപിച്ചു

അബുദാബി: റോഡിലെ പഴയ സൈൻ ബോർഡുകൾ നീക്കിയതിനൊപ്പം പുതിയ ബോർഡുകളുടെ കവറുകൾ മാറ്റിയതോടെ അബുദാബി എമിറേറ്റിലെ വാഹന ഡ്രൈവർമാർക്കുണ്ടായ ആശയക്കുഴപ്പങ്ങൾ പരിഹരിക്കപ്പെട്ടു. തലസ്ഥാനത്തെ എല്ലാ റോഡുകളിലും പുതിയ വേഗപരിധി ബോർഡുകളായി. പുതിയ വേഗപരിധി സൂചിപ്പിക്കുന്ന 4096 സ്പീഡ് കൺട്രോൾ പാനലുകളാണ് മാറ്റി സ്ഥാപിച്ചതെന്ന് അബുദാബി മുനിസിപ്പാലിറ്റി ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് ടീം തലവൻ അറിയിച്ചു. നഗരാതിർത്തിയിലെ പ്രധാന റോഡുകളിലെല്ലാം പരമാവധി വേഗം 80 കിലോ മീറ്ററാണിപ്പോൾ.

നേരത്തേ 60 കിലോമീറ്റർ വേഗപരിധി കൂടാതെ 20 കിലോമീറ്റർ മാർജിൻ വേഗവും ലഭിച്ചിരുന്ന റോഡുകളിലാണ് 80 കിലോമീറ്റർ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. ചില റോഡുകളിൽ 80 കിലോമീറ്ററായിരുന്നത് 120 കിലോമീറ്റർ വരെയായും പരിഷ്‌കരിച്ചിട്ടുണ്ട്. നഗരാതിർത്തിയിൽനിന്ന് അകലേക്കു പോകുന്തോറും വേഗപരിധിയിൽ വർധനയുണ്ട്. നേരത്തേ 100 കിലോമീറ്റർ വേഗപരിധിയുണ്ടായിരുന്ന റോഡുകളിൽ 120 കിലോമീറ്ററും 120ഉം 140ഉം കിലോമീറ്റർ വേഗപരിധിയുണ്ടായിരുന്ന ഹൈവേകളിൽ യഥാക്രമം 140ഉം 160ഉം കിലോമീറ്ററുമായി പുതിയ വേഗപരിധി മാറിയിട്ടുണ്ട്. റോഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന അടയാളങ്ങളിലെ വേഗത്തേക്കാൾ ഒരു കിലോമീറ്റർ മറികടന്നാൽ റഡാർ ക്യാമറ കണ്ണുചിമ്മും. റോഡിലെ അടയാളങ്ങളിൽ രേഖപ്പെടുത്തിയ വേഗം സഞ്ചരിക്കാവുന്ന പരമാവധി വേഗമാണെന്ന തിരിച്ചറിവുണ്ടായാൽ പിഴ ലഭിക്കാതെ സഞ്ചരിക്കാം.